< Back
World
International pressure must be put on Israel to deliver emergency aid to Gaza: Qatar
World

ഗസ്സയില്‍ പട്ടിണി മരണം 57ആയി: രണ്ട് മാസത്തിലേറെയായി തുടരുന്ന ഉപരോധം അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദം

Web Desk
|
4 May 2025 7:49 AM IST

ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന്​ എന്നിവ ഉടൻ ഗസ്സയിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതി സ്​ഫോടനാത്മകമാകുമെന്ന്​ യുഎൻ മുന്നറിയിപ്പ്

ഗസ്സസിറ്റി: ഗസ്സയിൽ രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനു മേൽ സമ്മർദം ശക്​തം. സൈനിക നിയന്ത്രണത്തിൽ ഗസ്സയിൽ ഭക്ഷ്യവിതരണം നടത്തുന്ന കാര്യം ഇസ്രായേലും അമേരിക്കയും ചർച്ച ചെയ്യുന്നതായി സി.എൻ.എൻ റിപ്പോർട്ട്.

ഗസ്സയിലെ അൽ റൻതീസി ആശുപത്രിയിൽ ഒരു ബാലിക കൂടി മരിച്ചതോടെ ഗസ്സയിൽ പട്ടിണി മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. രണ്ടു മാസത്തിലേറെയായി തുടരുന്ന ഇസ്രായേലിന്‍റെ സമ്പൂർണ ഉപരോധത്തിൽ ആയിരങ്ങളാണിപ്പോൾ മരണമുനമ്പിൽ കഴിയുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന്​ എന്നിവ ഉടൻ ഗസ്സയിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതി സ്​ഫോടനാത്മകമാകുമെന്ന്​ യു.എൻ മുന്നറിയിപ്പ്​ നൽകി.

ഗസ്സയിലേക്ക്​ സഹായം ഉടൻ എത്തിക്കണമെന്ന്​ യൂറോപ്യൻ യൂനിയനും ആവശ്യപ്പെട്ടു. ഗസ്സയിൽ ഹമാസ്​ നിയന്ത്രിത സംവിധാനം മാറ്റി ബദൽ ക്രമീകരണത്തിലൂടെ ഭക്ഷണ വിതരണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട്​ അമേരിക്കയുമായി ഇസ്രായേൽ ചർച്ച തുടരുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ സിഎൻഎൻ ചാനൽ റിപ്പോർട്ട്​ ചെയ്തു.തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ട്​ പറയുന്നു.

എന്നാൽ ഗസ്സയിൽ ആക്രമണം വിപുലപ്പെടുത്തുന്നതിന്​ പുതുതായി ആയിരങ്ങളെ റിസർവ്​ സൈന്യത്തിലേക്ക്​ റിക്രൂട്ട്​ ചെയ്യാനുള്ള നടപടി ആരംഭിച്ചതായി സൈനിക നേതൃത്വം അറിയിച്ചു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങളു​ടെ ജീവൻ നഷ്ടപ്പെടുമെന്ന്​ ചൂണ്ടിക്കാട്ടുന്ന ബന്ദിയുടെ വീഡിയോ ഹമാസ്​ പുറത്തുവിട്ടു.

രണ്ടു തവണ ആക്രമണത്തിൽ നിന്ന്​ ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ടതാണെന്നും തങ്ങളുടെ മോചനം നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്നും ബന്ദി ചൂണ്ടിക്കാട്ടി. ഇതോടെ ബന്ദിമോചനത്തിന്​ കരാർ വേണമെന്നാവശ്യപ്പെട്ട്​ പതിനായിരങ്ങൾ തെൽ അവീവിൽ റാലി നടത്തി. ഗസ്സയിൽ ഹമാസ്​ ആക്രമണത്തിൽ രണ്ട്​ ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു.

Similar Posts