
അർജന്റീനിയൻ തലസ്ഥാനത്ത് നടന്ന പ്രതിഷേധം Photo: Ap
സുമൂദ് ഫ്ലോട്ടില്ലയ്ക്കെതിരായ ഇസ്രായേൽ ആക്രമണം;അർജന്റീനിയൻ തലസ്ഥാനത്ത് പ്രതിഷേധം
|13 ഫ്ലോട്ടില്ല കപ്പലുകൾ തടഞ്ഞെങ്കിലും ഫലസ്തീനികൾക്കുള്ള സഹായവുമായി 30 കപ്പലുകൾ ഇപ്പോഴും തകർന്ന പ്രദേശത്തിന്റെ തീരത്തേക്കുള്ള യാത്രയിലാണെന്ന് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയെ ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ബ്യൂണസ് അയേഴ്സ്: ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയ്ക്ക് നേരെയുണ്ടായ ഇസ്രായേൽ നടപടിയിൽ വ്യാപക പ്രതിഷേധം. ഗ്രേറ്റ തുംബെർഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളും സാമൂഹികപ്രവർത്തകരും തടങ്കലിലാക്കപ്പെടുകയും കപ്പലുകൾ പിടിച്ചെടുക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഐറിസ് തെരുവിൽ ആക്ടിവിസ്റ്റുകൾ പ്രതിഷേധ സംഗമം നടത്തി. ഇസ്രായേൽ നാവികസേന തടഞ്ഞ അഡാര കപ്പലിലുണ്ടായിരുന്ന വർക്കേഴ്സ് സോഷ്യലിസ്റ്റ് മൂവ്മെന്റിന്റെ സിറ്റി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന സെലസ്ഫിയറോയും ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്നെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
'കപ്പലിലുണ്ടായിരുന്ന ഞങ്ങളുടെ സഹപ്രവർത്തകർ വിഷമകരമായ അവസ്ഥയിലാണ്,ഞങ്ങൾക്കത് കണ്ടുനിൽക്കാനേ കഴിയുന്നുള്ളൂ' പ്രതിഷേധത്തിന് നേതൃത്വം നൽകിയ സെർജിയോ ഗാർസിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
'സെലസ്ഫിയറോയെ എത്രയും വേഗം തിരികെയെത്തിക്കാനും കെട്ടിപ്പിടിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കാനല്ലാതെ, ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനും കഴിയുന്ന തരത്തിലുള്ള നടപടി വിദേശകാര്യമന്ത്രാലയം കൈക്കൊള്ളണമെന്നാണ് ഞങ്ങളുടെ ആവശ്യം. 'അദ്ദേഹം കൂട്ടിച്ചേർത്തു.
37 രാജ്യങ്ങളിൽ നിന്നുള്ള 201ലധികമാളുകൾ ബോട്ടുകളിലുണ്ടായിരുന്നെന്ന് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല വക്താവ് സെയ്ഫ് അബൂകഷെക് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. സ്പെയിനിൽ നിന്ന് 30 പേരും ഇറ്റലിയിൽ നിന്ന് 22 പേരും തുർക്കിയിൽ നിന്ന് 21 പേരും മലേഷ്യയിൽ നിന്ന് 12 പേരുമാണ് കപ്പലിലുള്ളത്. ഇതുവരെ 13 ഫ്ലോട്ടില്ല കപ്പലുകൾ തടഞ്ഞെങ്കിലും ഫലസ്തീനികൾക്കുള്ള സഹായവുമായി 30 കപ്പലുകൾ ഇപ്പോഴും തകർന്ന പ്രദേശത്തിന്റെ തീരത്ത് എത്താനുള്ള യാത്രയിലാണെന്ന് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയെ ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.