< Back
World
Zelenskyy-PUTIN
World

'പുടിൻ ഉടൻ മരിക്കും യുദ്ധം അവസാനിക്കും'; സെലന്‍സ്കിയുടെ പരാമര്‍ശം വിവാദത്തിൽ

Web Desk
|
27 March 2025 6:14 PM IST

പാരീസിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലൻസ്‌കി മാധ്യമപ്രവർത്തകരോട് പറഞ്ഞു

കിയവ്: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൻ ഉടൻ മരിക്കുമെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. റഷ്യ-യുക്രൈൻ യുദ്ധത്തെക്കുറിച്ച് ബുധനാഴ്ച പാരീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അദ്ദേഹം (പുടിൻ) ഉടൻ മരിക്കും, അതൊരു വസ്തുതയാണ്, യുദ്ധം അവസാനിക്കുകയും ചെയ്യും," ബുധനാഴ്ച പാരീസിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലൻസ്‌കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമാധാന, വെടിനിർത്തൽ ചർച്ചകൾക്കിടെ ക്രെംലിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങാതെ ശക്തമായി തുടരാൻ അദ്ദേഹം യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു. "ഈ ആഗോള ഒറ്റപ്പെടലിൽ നിന്ന് പുടിനെ പുറത്തുകടക്കാൻ അമേരിക്ക സഹായിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്," സെലൻസ്‌കി കൂട്ടിച്ചേര്‍ത്തു. "ഇത് അപകടകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഏറ്റവും അപകടകരമായ നിമിഷങ്ങളിൽ ഒന്നാണ്. അവർ പുടിനെ സമ്മർദ്ദത്തിലാക്കിയാൽ, അദ്ദേഹം തന്‍റെ സമൂഹത്തിൽ അസ്ഥിരത നേരിടേണ്ടിവരും, അദ്ദേഹം അതിനെ ഭയപ്പെടും," യുക്രേനിയൻ പ്രസിഡന്‍റ് പറഞ്ഞു.

പുടിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെയാണ് സെലൻസ്കിയുടെ പ്രസ്താവന. റഷ്യൻ നേതാവ് നിർത്താതെ ചുമയ്ക്കുന്ന വീഡിയോകൾ പുറത്തുവന്നത് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. 2022-ൽ പുറത്തുവന്ന ഒരു വീഡിയോയിൽ, മുൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിൻ മേശയിൽ പിടിച്ചുകൊണ്ട് കസേരയിൽ ചാരിയിരിക്കുന്നതായി കാണിച്ചു. 2014ല്‍ പുടിന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം ക്രെംലിൻ നിഷേധിച്ചിരുന്നു.

പുടിൻ അദ്ദേഹത്തിന്‍റെ അനുയായിയാൽ കൊല്ലപ്പെടുമെന്ന് നേരത്തെ സെലന്‍സ്കി പറഞ്ഞിട്ടുണ്ട്. യുക്രൈൻ യുദ്ധത്തെക്കുറിച്ച് 'വർഷം' ( 'Year')എന്ന പേരിൽ പുറത്തിറങ്ങിയ ഡോക്യുമെന്‍ററിയിലായിരുന്നു സെലെൻസ്‌കിയുടെ പരാമർശം. യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഡോക്യുമെന്‍ററി പുറത്തിറക്കിയത്.

Similar Posts