
തോൽക്കുമെന്ന് പേടിച്ച് 'ഡാഡിയുടെ' അടുത്തേക്ക് ഓടി; ഇസ്രായേലിനെ പരിഹസിച്ച് അബ്ബാസ് അരാഗ്ച്ചി
|ഇനിയും പ്രകോപനമുണ്ടാകുകയാണെങ്കിൽ തങ്ങളുടെ 'യഥാർഥ കഴിവ്' പുറത്തെടുക്കാൻ മടിക്കില്ലെന്നും അരാഗ്ച്ചിയുടെ പോസ്റ്റിലുണ്ട്.
തെഹ്‌റാൻ: ഇസ്രായേൽ ഇറാൻ സംഘർഷത്തിലെ ട്രംപ് ഇടപെടലിനെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. ഇറാന്റെ മിസൈലുകളെ പേടിച്ച് ഇസ്രായേലിന് 'ഡാഡിയുടെ' അടുത്തേക്ക് ഓടുകയല്ലാതെ മറ്റുമാർഗമുണ്ടായിരുന്നില്ലെന്നാണ് എക്‌സ് പോസ്റ്റിൽ അരാഗ്ച്ചി പരിഹസിച്ചത്. ഇനിയും പ്രകോപനമുണ്ടാകുകയാണെങ്കിൽ തങ്ങളുടെ 'യഥാർഥ കഴിവ്' പുറത്തെടുക്കാൻ മടിക്കില്ലെന്നും അരാഗ്ച്ചിയുടെ പോസ്റ്റിലുണ്ട്.
' നമ്മുടെ മിസൈലുകളിൽ നിന്നും രക്ഷപ്പെടാൻ ഡാഡിയുടെ അടുത്തേക്ക് ഓടുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഇസ്രായേലിന് തെളിയിച്ചു കൊടുത്ത ശക്തരാണ് ഇറാനിയൻ ജനത, ഭീഷണികളെയും അധിക്ഷേപങ്ങളെയും ദയയോടെ കാണുന്നില്ല. ഇറാന്റെ ശക്തിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ വലിയ തെറ്റുകളിലേക്ക് നയിക്കുകയാണെങ്കിൽ ഇറാന്റെ യഥാർഥ കഴിവുകൾ പുറത്തെടുക്കാൻ മടിക്കില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇറാന്റെ ശക്തിയെക്കുറിച്ചുള്ള എല്ലാ മിഥ്യാ ധാരണകളും മാറുന്നതായിരിക്കും' എന്ന് പോസ്റ്റിൽ പറയുന്നു.
ഇസ്രായേൽ ഇറാൻ സംഘർഷത്തിനിടെ ഇരു രാജ്യങ്ങൾക്കുമെതിരെ ട്രംപ് നടത്തിയ പ്രസ്താവനയെക്കുറിച്ച സംസാരിക്കുന്നതിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ട്രംപിനെ 'ഡാഡി' എന്ന് വിളിച്ചിരുന്നു. ഇതിനെക്കൂടി പരിഹസിച്ചുകൊണ്ടാണ് അരാഗ്ച്ചിയുടെ പോസ്റ്റ്.
ട്രംപിന് ഇറാനുമായി എന്തെങ്കിലും കരാറിലേർപ്പടണമെന്നുണ്ടെങ്കിൽ അംഗീകരിക്കാനാവാത്തതും അനാദരവ് പ്രകടിപ്പിക്കുന്നതുമായ ഭാഷ മാറ്റിവെച്ച് സംസാരിക്കണമെന്നും അരാഗ്ച്ചി അഭിപ്രായപ്പെട്ടു. 'നല്ലത് ചെയ്താൻ മാത്രം നല്ലത് കിട്ടും, ബഹുമാനം കൊടുത്താൽ മാത്രം ബഹുമാനം ലഭിക്കും' എന്നു പറഞ്ഞാണ് അരാഗ്ച്ചി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.