< Back
World
Ready To Meet Putin: Ukraine President Zelensky On Ceasefire Talks
World

റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് സെലൻസ്‌കി

Web Desk
|
12 May 2025 7:44 AM IST

യുദ്ധം അവസാനിപ്പിക്കാൻ യുക്രൈനുമായി നേരിട്ടുള്ള ചർച്ചക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് പുടിനും വ്യക്തമാക്കി.

കിയവ്: റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി. ഇസ്താംബൂളിൽ വ്യാഴാഴ്ച പുടിനുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്നാണ് സെലൻസ്‌കി അറിയിച്ചത്. അടിയന്തര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെലൻസ്‌കിയോട് ആവശ്യപ്പെട്ടിരുന്നു. സമാധാന ചർച്ചക്ക് മുമ്പ് റഷ്യ തിങ്കളാഴ്ച മുതൽ വെടിനിർത്തൽ നടപ്പാക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കാൻ യുക്രൈനുമായി നേരിട്ടുള്ള ചർച്ചക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് പുടിനും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ഇസ്താംബൂളിൽ ഉപാധികളില്ലാത്ത ചർച്ചക്ക് തയ്യാറാണ് എന്ന് പുടിൻ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ക്രെംലിനിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പുടിൻ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചത്.

30 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കിയില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, പോളണ്ട് തുടങ്ങിയ രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുടെ തീരുമാനം ശുഭ സൂചനയാണെന്ന് ജർമൻ ചാൻസലർ ഫ്രീഡ്‌റിച്ച് മെർസ് പ്രതികരിച്ചു. ചർച്ചക്ക് മുമ്പ് ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യ ഉടൻ നിരുപാധിക വെടിനിർത്തൽ നടപ്പാക്കുമെന്ന തീരുമാനത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്‌ക് പറഞ്ഞു. ചർച്ച നടത്താനുള്ള തീരുമാനം സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.

Similar Posts