< Back
World
സൈനിക ആവശ്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്നത് വ്യാപകമായി വർധിച്ചു; യുഎൻ
World

സൈനിക ആവശ്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്നത് വ്യാപകമായി വർധിച്ചു; യുഎൻ

Web Desk
|
1 Jan 2025 9:06 AM IST

ഗസ്സ, ലെബനൻ, സുഡാൻ, യുക്രൈൻ തുടങ്ങിയ നിലവിലെ ആഗോള സാഹചര്യങ്ങൾ ഇതിന്റെ തോത് വർധിപ്പിച്ചു

ന്യൂയോർക്ക്: സൈനിക ആവശ്യങ്ങൾക്കായി കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ യുണൈറ്റഡ് നേഷൻസ് (യുഎൻ). കുട്ടികളെ തട്ടികൊണ്ട് പോയി നിർബന്ധിതമായി സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് യുഎൻ ചൂണ്ടിക്കാട്ടി. കുട്ടികൾ ബലാത്സംഗവും ലൈംഗികാതിക്രമവും അനുഭവിക്കേണ്ടിവരുന്നു. പെൺകുട്ടികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുവെന്നും യുഎൻ വ്യക്തമാക്കി.

കൊളംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ചാഡ് തടാകം, മൊസാംബിക്ക്, സഹേൽ, സുഡാൻ, സൊമാലിയ, സിറിയ, ഹെയ്തി എന്നിവിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ട് പോയി നിർബന്ധിതമായി സൈനിക ആവശ്യങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നത് വർധിച്ചുവെന്ന് പ്രസ്താവനയിൽ പറയുന്നു. ഗസ്സ, യുക്രൈൻ, ലെബനൻ, സുഡാൻ, തുടങ്ങിയ നിലവിലെ ആഗോള സാഹചര്യങ്ങൾ ഇതിന്റെ തോത് വർധിപ്പിച്ചു. എന്നാൽ ലോകം ഇതിന് നേരെ നിസ്സംഗത പാലിക്കുകയാണെന്നും യുഎൻ കുറ്റപ്പെടുത്തി.

"ഈ കുട്ടികളുടെ നിലവിളി സംഘർഷ മേഖലകളിൽ മുഴങ്ങുന്നു, പക്ഷേ പലപ്പോഴും ലോകം നിശബ്ദമാണ്. അവരുടെ വേദന നമ്മുടെ മനസാക്ഷിക്ക് കളങ്കമാണ്. നമ്മൾ വൈകുന്ന ഓരോ നിമിഷവും കുട്ടികൾ സംഘട്ടനങ്ങളിൽ പെട്ട് മരിക്കുന്നതും കൂടുതൽ കുട്ടികൾ ഇതിലേക്ക് എത്തിപ്പെടുന്നതും വർധിച്ച് കൊണ്ടിരിക്കുന്നു," യുഎൻ പ്രതിനിധി വ്യക്തമാക്കി.

കുട്ടികൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ സഹായങ്ങൾ അനുവദിക്കുക, അന്തർദേശീയ നിയമങ്ങൾ നടപ്പിലാക്കുക, ജനവാസ മേഖലകളിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് നിർത്തുക. സ്‌കൂളുകളുടെ സൈനിക ഉപയോഗം നിരോധിക്കുക തുടങ്ങിയ നിർദേശങ്ങളും യുഎൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും സൈനികരായി റിക്രൂട്ട് ചെയ്യുന്നതും ഉപയോഗിക്കുന്നതും നിരോധിക്കുന്ന പ്രോട്ടോകോൾ 173 രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്.

Similar Posts