
ഗസ്സയിലെ വംശഹത്യാ യുദ്ധം: ഇസ്രായേലിന് 67 ബില്യൺ ഡോളറിന്റെ നഷ്ടമെന്ന് റിപ്പോർട്ട്
|ഇസ്രായേലിൽ കഴിഞ്ഞ വർഷം ഏകദേശം 60,000 കമ്പനികളാണ് അടച്ചുപൂട്ടിയത്
തെൽ അവീവ്: ഗസ്സയിലെ വംശഹത്യാ യുദ്ധത്തിന്റെ ഫലമായി ഇസ്രായേലിന് 67 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. സൈനികമായിട്ടുള്ള നഷ്ടം 34 ബില്യൺ ഡോളറാണ്. കൂടാതെ പൊതുബജറ്റിലും വലിയ നഷ്ടമാണ് സംഭവിച്ചത്. അധിനിവേശ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്.
യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ കഴിഞ്ഞ വർഷം ഏകദേശം 60,000 കമ്പനികൾ അടച്ചുപൂട്ടി. 2023നെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണിത്. വിനോദസഞ്ചാരികളുടെ എണ്ണം 70 ശതമാനം കുറഞ്ഞു. ഇതോടെ ടൂറിസം മേഖലയ്ക്ക് 5 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി. നിർമാണ മേഖലയ്ക്ക് നാല് ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഈ മേഖലയിലെ 70ലധികം കമ്പനികൾ അടച്ചുപൂട്ടുകയും ചെയ്തു.
ഇസ്രായേലി ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയുടെ നാലിലൊന്ന് പേരും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്.
2023 ഒക്ടോബർ ഏഴിന് ശേഷം ഏകദേശം 34.09 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടമുണ്ടായതായി ഇസ്രായേലി ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗസ്സയിലെയും ലെബനനിലെയും യുദ്ധങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട ചെലവുകളിലെ വർധനവാണ് ഇതിന് കാരണം. ഡിസംബറിൽ 5.2 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയത്.
അതേസമയം, ഈ കണക്കുകൾ യുദ്ധത്തിന്റെ നേരിട്ടുള്ള ചെലവുകൾ മാത്രമാണ്. മറ്റു സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ വേറെയും സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2024 അവസാനത്തോടെ ഗസ്സയിലെ യുദ്ധത്തിന്റെ ആകെ ചെലവ് ഏകദേശം 250 ബില്യൺ ഷെക്കൽ (67.57 ബില്യൺ ഡോളർ) എത്തിയിരിക്കാമെന്ന് ഇസ്രായേലി സാമ്പത്തിക പത്രമായ കാൽക്കലിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ബാങ്ക് ഓഫ് ഇസ്രായേലിൽ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയാണ് പത്രം കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്.
‘ഗസ്സയിലെ യുദ്ധത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ പരാജയം സാമ്പത്തിക നഷ്ടങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് വലിയ ആൾനാശവും ഇതിൽ ഉൾപ്പെടുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം വർദ്ധിച്ചു. ഈ യുദ്ധത്തിന്റെ ഫലമായി മാനസികമായ പ്രത്യാഘാതങ്ങൾ അനുഭവിച്ചവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ബുദ്ധിമുട്ടുകൾ വേറെയുമുണ്ട്’ -റിപ്പോർട്ടിൽ പറയുന്നു.