< Back
World
ഇറാനുമായി ആണവ സമ്പുഷ്ടീകരണ ചർച്ചകൾ പുനരാരംഭിക്കാൻ ട്രംപ് ഭരണകൂടം രഹസ്യ നയതന്ത്ര ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്
World

ഇറാനുമായി ആണവ സമ്പുഷ്ടീകരണ ചർച്ചകൾ പുനരാരംഭിക്കാൻ ട്രംപ് ഭരണകൂടം രഹസ്യ നയതന്ത്ര ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്

Web Desk
|
27 Jun 2025 3:01 PM IST

സമാധാനപരമായ സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ട് പോകുന്നതിൽ എതിർപ്പില്ലെന്നാണ് യുഎസിന്റെ നിലപാട്. ഇറാൻ ആണവായുധം കൈവശം വെക്കുന്നത് തടയുന്നതിനുള്ള നിർദേശങ്ങളാണ് യുഎസ് മുന്നോട്ട് വെക്കുന്നതെന്നും ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു

വാഷിങ്ടൺ: ഇറാനുമായി ആണവ സമ്പുഷ്ടീകരണ ചർച്ചകൾ പുനരരാംഭിക്കാൻ ട്രംപ് ഭരണകൂടം രഹസ്യ ശ്രമങ്ങൾ നടത്തുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ആണവപദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് 300 കോടി ഡോളറോളം ലഭ്യമാക്കാമെന്നും വിദേശ ബാങ്കുകളിലുള്ള ഇറാന്റെ നിയന്ത്രിത ഫണ്ടിൽ നിന്നും പണമെടുക്കാൻ സഹായിക്കാമെന്നതുമടക്കമുള്ള നിർദേശങ്ങളാണ് അമേരിക്ക മുന്നോട്ട് വെക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് സിഎൻഎൻ റിപ്പോർട്ട്.

ഇറാൻ- ഇസ്രായേൽ സംഘർഷത്തിനിടയിലും യുഎസിന്റെയും മിഡിൽ ഈസ്റ്റിന്റെയും പ്രതിനിധികൾ ഇറാനുമായി ചർച്ചകൾ നടത്തിയതായി വൃത്തങ്ങൾ പറയുന്നു. വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. നിരവധി നിർദേശങ്ങൾ ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ചെന്നും അതിൽ പലതിലും പ്രാഥമികമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് മുന്നോട്ട് വെക്കുന്ന നിർദേശങ്ങളിൽ പ്രധാന പ്രശ്നമായി നിലവിലുള്ളത് ഇറാന്റെ യുറേനിയത്തിൽ ഇനി സമ്പുഷ്ടീകരണമുണ്ടാകില്ല എന്നതാണ്. എന്നാൽ ഇതംഗീകരിക്കാൻ ഇറാൻ തയാറല്ല.

കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് സേന ഇറാനിൽ അക്രമണം നടത്തുന്നതിന് തലേദിവസം യുഎസ് എൻവോയ് സ്റ്റീവ് വിറ്റ്കോഫും ഗൾഫ് പ്രതിനിധികളും തമ്മിൽ വൈറ്റ് ഹൗസിൽ വെച്ച് മണിക്കൂറുകൾ നീണ്ട സ്വകാര്യ ചർച്ച നടത്തിയതായി രഹസ്യവൃത്തങ്ങൾ സിഎൻഎന്നിനോട് പറഞ്ഞു. നേരത്തെയുള്ളതിൽ നിന്ന് വ്യത്യസ്തമായി ഇറാന്റെ പുതിയ സിവിലിയൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ആണവപദ്ധതിയിൽ 200 മുതൽ 300 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള തീരുമാനവും യുഎസിനുള്ളതായി ട്രംപ് ഭരണകൂടവുമായി അടുത്ത ചില വൃത്തങ്ങൾ സിഎൻഎന്നിനോട് പറഞ്ഞു. അറബ് രാജ്യങ്ങളുടെ സഹായത്തോടെ പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താനാണ് യുഎസ് തീരുമാനം. ഇറാനുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ യുഎസ് തയാറാണെന്നും എന്നാൽ ആണവപദ്ധതിക്ക് ആവശ്യമായ പണം മറ്റൊരാൾ നൽകേണ്ടി വരുമെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് വ്യക്തമാക്കി.

യുഎസ് മുന്നോട്ട് വെച്ച് എല്ലാ നിർദേശങ്ങളും ഇറാൻ ആണവായുധം കൈവശം വെക്കുന്നതിന് തടയിടുന്നതാണെന്ന് ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സമാധാനപരമായ സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവപദ്ധതിയുമായി ഇറാൻ മുന്നോട്ട് പോകുന്നതിൽ എതിർപ്പില്ലെന്നാണ് യുഎസിന്റെ നിലപാടെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതിനായി ആവശ്യമെങ്കിൽ ഇറാന് സമ്പുഷ്ടീകരിച്ച യുറേനിയം ഇറക്കുമതി ചെയ്യാമെന്നും എന്നാൽ നിലവിലുള്ളതിനെ സമ്പുഷ്ടീകരിക്കാൻ അനുവദിക്കില്ലെന്നുമാണ് യുഎസ് നിലപാട്. യുഎഇയുടേതിന് സമാനമാണ് ഈ പദ്ധതിയെന്ന് വിറ്റ്കോഫ് വ്യക്തമാക്കുന്നു.

ഇറാനുമായി അടുത്ത ആഴ്ച ചർച്ചയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും ചർച്ചയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്താവ് ഇസ്മായിൽ ബാഗായ് പറഞ്ഞു.

Similar Posts