< Back
World
ചന്ദ്രനിലൊരു മുറി വാടകക്ക് എടുത്താലോ?; ഹോട്ടൽ ബുക്കിങ് തുടങ്ങി, തുക കേട്ടാൽ ഞെട്ടും
World

ചന്ദ്രനിലൊരു മുറി വാടകക്ക് എടുത്താലോ?; ഹോട്ടൽ ബുക്കിങ് തുടങ്ങി, തുക കേട്ടാൽ ഞെട്ടും

Web Desk
|
21 Jan 2026 7:59 AM IST

കമ്പനിയുടെ പദ്ധതി പ്രകാരം എല്ലാം നടന്നാൽ, 2032 ആകുമ്പോഴേക്കും നിങ്ങൾക്ക് ചന്ദ്രനിൽ ഒരു മുറി ബുക്ക് ചെയ്യാൻ കഴിയും

വാഷിങ്ടണ്‍: നക്ഷത്രങ്ങളെ നോക്കി, ഭൂമിയെ കണികണ്ട് ചന്ദ്രനിലെ ഹോട്ടൽ മുറിയിൽ ഒന്ന് ഉറക്കമുണർന്നാലോ...? ഹാ..എന്ത് നടക്കാത്ത സ്വപ്‌നമെന്ന് കരുതാൻ വരട്ടെ..ചന്ദ്രനിൽ ഹോട്ടൽ താമസം ഒരുക്കുള്ള പദ്ധതിയിലാണ് അമേരിക്കൻ സ്റ്റാര്‍ട്ടപ്പായ ഗാലക്ടിക് റിസോഴ്‌സ് യൂട്ടിലൈസേഷൻ സ്‌പേസ്.ഇതിനായി ബുക്കിങ് വരെ ആരംഭിച്ചിട്ടുണ്ട്. ഒരാൾക്ക് 2.2 കോടി രൂപ മുതൽ ഒമ്പത് കോടി രൂപവരെ ചെലവാകുമെന്നാണ് പുറത്ത് വരുന്നത്. 2032 ഓടെ ചന്ദ്രോപരിതലത്തിൽ മനുഷ്യ ഔട്ട്‌പോസ്റ്റ് നിർമിക്കാനാണ് സ്റ്റാർട്ടപ്പ് കമ്പനി ലക്ഷ്യമിടുന്നത്.

'നമുക്കറിയാവുന്നതുപോലെയുള്ള ബഹിരാകാശ ടൂറിസമല്ല ഇത്. പന്ത്രണ്ട് മനുഷ്യർ മാത്രമേ ചന്ദ്രനിൽ നടന്നിട്ടുള്ളൂ, ഈ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ഭൂമിക്ക് പുറത്തുള്ള ജീവിതത്തിന് അടിത്തറയിടുന്നതിൽ നിങ്ങൾ ഞങ്ങളോടൊപ്പം ചേരുകയാണ്...' കമ്പനി അതിന്റെ റിസർവേഷൻ വെബ്സൈറ്റിൽ കുറിച്ചത് ഇങ്ങനെയാണ്...

കഴിഞ്ഞ വർഷം 22 വയസ്സുള്ള സ്‌കൈലർ ചാൻ എന്നയാളാണ് ഈ കമ്പനി സ്ഥാപിച്ചത്. ഭൂമിക്കപ്പുറമുള്ള മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള ഒരു ചുവടുവയ്പ്പായാണ് യുവാവ് ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാൽ, 2029 ൽ ഹോട്ടലിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് സ്റ്റാർട്ടപ്പ് കമ്പനി പറയുന്നു.

അംഗീകാരം നേടുന്നതിനായി പരീക്ഷണ ദൗത്യം നടത്താനും കമ്പനി നിശ്ചയിച്ചിട്ടുണ്ട്. കമ്പനിയുടെ പദ്ധതി പ്രകാരം എല്ലാം നടന്നാൽ, 2032 ആകുമ്പോഴേക്കും നിങ്ങൾക്ക് ചന്ദ്രനിൽ ഒരു മുറി ബുക്ക് ചെയ്യാൻ കഴിയും. ബഹിരാകാശ നിലയ നിർമ്മാണത്തിന് ഭൂമിയിൽ നിന്ന് വസ്തുക്കൾ എത്തിക്കേണ്ടതുണ്ടെങ്കിലും, ചന്ദ്രനിലെ പൊടി ഉപയോഗിച്ച് ഇഷ്ടിക നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.റേഡിയേഷനിൽ നിന്നും കഠിനമായ ചൂടില്‍ നിന്നും സംരക്ഷിക്കുന്ന രീതിയിലായിരിക്കും ഹോട്ടലിന്റെ നിർമാണം.

അപേക്ഷകർ 1,000 ഡോളർ അപേക്ഷാ ഫീസായി നൽകണം. ഇത് തിരിച്ചു ലഭിക്കില്ല. യാത്രക്കാരുടെ സാമ്പത്തിക ശേഷിക്ക് പുറമെ ശാരീരികക്ഷമതയും വൈദ്യശാസ്ത്രപരമായ രേഖകളും കർശനമായ പശ്ചാത്തല പരിശോധനയ്ക്ക് വിധേയമാക്കും.യാത്രയുടെ അന്തിമ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കമ്പനി പറയുന്നതനുസരിച്ച്, ഇത് 90 കോടി രൂപ (10 മില്യൺ ഡോളർ) കവിയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Posts