< Back
World
ട്രംപ്-സെലൻസ്കി നിർണായക കൂടിക്കാഴ്ച നടക്കാനിരിക്കെ യുക്രൈനെ ആക്രമിച്ച് റഷ്യ; ഒരു മരണം
World

ട്രംപ്-സെലൻസ്കി നിർണായക കൂടിക്കാഴ്ച നടക്കാനിരിക്കെ യുക്രൈനെ ആക്രമിച്ച് റഷ്യ; ഒരു മരണം

Web Desk
|
28 Dec 2025 9:07 AM IST

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍

കീവ്: യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെ യുക്രൈനെ ആക്രമിച്ച് റഷ്യ.

യുക്രൈന്റെ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. സമാധാനചർച്ചകൾ പുരോഗമിക്കവേയാണ് യുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് പുടിന്റെ നിലപാടെന്ന് വ്യക്തമാക്കുന്നതാണ് ആക്രമണമെന്ന് സെലൻസ്‌കി പറഞ്ഞു. 'നമ്മുടെ സമാധാനപരമായ ശ്രമങ്ങളോടുള്ള റഷ്യയുടെ പ്രതികരണമാണ് ഈ ആക്രമണം. സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് പുടിൻ കാണിച്ചുതരുന്നു', സെലൻസ്കി പറഞ്ഞു.

2022ൽ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രൈനിലെ ഊർജ്ജ നിലയങ്ങൾ, റെയിൽ ശൃംഖലകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ റഷ്യ ആവർത്തിച്ച് ആക്രമണം നടത്തിയിട്ടുണ്ട്.

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിർണായക കൂടിക്കാഴ്ച ഞായറാഴ്ചയാണ്. ഫ്ളോറിഡയില്‍ വെച്ച് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 20 ഇന സമാധാന പദ്ധതിയാണ് ചർച്ചയിലെ പ്രധാന അജൻഡ. സുരക്ഷാ ഉറപ്പുകൾ, വെടിനിർത്തൽ, പുനർനിർമാണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

കാര്യങ്ങൾ കഴിയുന്നത്ര മെച്ചപ്പെടുത്തുക എന്നതാണ് കൂട‌ിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യമെന്ന് സെലൻസ്കി പറഞ്ഞിരുന്നു. ചർച്ചയിൽ അവതരിപ്പിക്കുന്ന 20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായെന്നും പദ്ധതി 100 ശതമാനം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

Related Tags :
Similar Posts