< Back
World
russia ukraine war
World

ട്രംപ്-സെലൻസ്കി വാഗ്വാദത്തിന് പിന്നാലെ ആക്രമണം കടുപ്പിച്ച് റഷ്യ; രണ്ട് ഗ്രാമങ്ങൾ പിടിച്ചെടുത്തു

Web Desk
|
1 March 2025 4:51 PM IST

154 ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്

മോസ്കോ: യു​ക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിൽ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.

കിഴക്കൻ യുക്രൈനിലെ ഡോനെസ്റ്റ്ക് മേഖലയിലെ ജനവാസ കേ​ന്ദ്രങ്ങളായ ബർലാറ്റ്സ്കെയും സ്കുഡ്നെയും റഷ്യൻ സൈന്യം കീഴടക്കിയതായി റഷ്യൻ ന്യൂസ് ഏജൻസിയായി ടാസ്സ് അറിയിച്ചു. യുക്രൈനിലുടനീളം ​വെള്ളിയാഴ്ച രാത്രി വലിയ രീതിയിലുള്ള ആക്രമണമാണ് നടത്തിയത്. ഖാർഗിവ് മേഖലയിലായിരുന്നു കൂടുതൽ ആക്രമണം. 154 ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 63 പേരെ രക്ഷപ്പെടുത്തി. അതേസമയം, പ്രസിഡന്റ് സെലൻസ്കിക്ക് പിന്തുണയുമായി യുക്രൈൻ ജനത റാലികൾ സംഘടിപ്പിച്ചു.

യുക്രൈന്‍- റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ട്രംപും സെലൻസ്കിയും പരസ്പരം ഏറ്റുമുട്ടിയത്. വാഗ്വാദത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനവും റദ്ദാക്കി.

റഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ടും ധാതു കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് വാഗ്വാദം. റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന ആവശ്യമാണ് സെലൻസ്കിയെ ചൊടിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി വേണമെന്ന് ട്രംപ് രൂക്ഷമായി പറഞ്ഞു. സെലൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്നും ട്രംപ് ചോദിച്ചു.

റഷ്യൻ ​പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാൻ തയ്യാറാകണമെന്നും സെലൻസ്കി തിരിച്ചടിച്ചു. വേണ്ടി വന്നാൽ യുക്രൈനെ കൈയൊഴിയുമെന്ന് ട്രംപും വൈസ് പ്രസിഡന്‍റ് വാൻസും മുന്നറിയിപ്പ് നൽകി. തർക്കത്തിന് പിന്നാലെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ട്രംപ്‌ ഏറെ താൽപ്പര്യപ്പെട്ട യുക്രൈനിലെ ധാതുസമ്പത്ത്‌ കൈമാറൽ കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്.

Similar Posts