
'ഇതാ തെളിവ്': പുടിന്റെ വസതി ലക്ഷ്യമിട്ടുള്ള യുക്രൈന്റെ ഡ്രോൺ ആക്രമണത്തില്‍ യുഎസിന് തെളിവ് കൈമാറി റഷ്യ
|റഷ്യൻ വാദം നേരത്തെ യുഎസ് ഇന്റലിജൻസ് തള്ളിയിരുന്നു. പിന്നാലെയാണ് റഷ്യ തെളിവ് സഹിതം യുഎസിന് കൈമാറിയത്
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതിന്റെ തെളിവ് യുഎസിന് നല്‍കി റഷ്യ.
റഷ്യൻ വാദം യുഎസ് ഇന്റലിജൻസ് തള്ളിയതിനു പിന്നാലെയാണ് റഷ്യ തെളിവ് സഹിതം യുഎസിന് കൈമാറിയത്. ആക്രമണശ്രമത്തിനിടെ തകർത്ത യുക്രെയ്‌ന്റെ ഡ്രോണിൽ നിന്നുള്ള ഡേറ്റ വേർതിരിച്ചെടുക്കുകയും ഡീകോഡ് ചെയ്താണ് യുഎസിന് കൈമാറിയത്.
റഷ്യയുടെ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ തലവനായ അഡ്മിറൽ ഇഗോർ കോസ്റ്റ്യുക്കോവാണ് ഈ ആഴ്ച ആദ്യം വെടിവച്ചിട്ട യുക്രൈന്റെ ഡ്രോണിന്റെ ഒരു പ്രധാന ഘടകം യുഎസിന് കൈമാറിയത്. ഈ നടപടി എല്ലാ ചോദ്യങ്ങളും ഇല്ലാതാക്കുമെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നും ഇഗോർ കോസ്റ്റ്യുക്കോവ് പറഞ്ഞു.
ഡ്രോണിലെ നിന്ന് ലഭിച്ച ഡാറ്റ പ്രകാരം, നോവ്ഗൊറോഡ് മേഖലയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉപയോഗിച്ചിരുന്ന വസതിയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് റഷ്യൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പുടിന്റെ വസതിക്ക് നേരെ 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചുവെന്നാണ് റഷ്യ യുക്രെയ്‌നെതിരെ പരാതി പറയുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന യുഎസുമായുള്ള ചർച്ചകളെ ബാധിക്കുന്ന രീതിയിലാണ് യുക്രൈന്‍ പെരുമാറുന്നതെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈന്‍ പ്രദേശമായ ഖേഴ്സനിലെ തീരദേശ ഗ്രാമമായ ഖോർലിയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. ഒരു ഹോട്ടലിൽ പുതുവത്സര ആഘോഷം നടക്കുന്നതിനിടെ യുക്രൈന്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റഷ്യ ആരോപിക്കുന്നത്.