< Back
World
ഞങ്ങള്‍ നിഷ്പക്ഷരല്ല, ഇറാനെ പിന്തുണയ്ക്കുന്നു; യുകെയിലെ റഷ്യൻ അംബാസഡർ
World

'ഞങ്ങള്‍ നിഷ്പക്ഷരല്ല, ഇറാനെ പിന്തുണയ്ക്കുന്നു'; യുകെയിലെ റഷ്യൻ അംബാസഡർ

റിഷാദ് അലി
|
8 March 2026 2:56 PM IST

''അമേരിക്കയും ഇസ്രായേലുമാണ് ഇറാനെതിരെ ആക്രമണം തുടങ്ങിയതെന്ന് ആരും പറയുന്നില്ല''

ലണ്ടന്‍: ഇറാനെ പിന്തുണച്ച് റഷ്യ. യുദ്ധത്തിൽ തങ്ങൾ നിഷ്പക്ഷമരല്ലെന്നും ഇറാനെ തുണക്കുന്നതായും യുകെയിലെ റഷ്യൻ അംബാസഡർ ആൻഡ്രി കെലിൻ പറഞ്ഞു.

"എല്ലാത്തിനും കുറ്റം ഇറാന്റെ മേൽ ചുമത്തുക എന്ന യുക്തിയാണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ പിന്തുടരുന്നത്. എന്നാൽ അമേരിക്കയും ഇസ്രായേലുമാണ് ഇറാനെതിരെ ആക്രമണം തുടങ്ങിയതെന്ന് ആരും പറയുന്നില്ല. ഇറാൻ ഈ ആക്രമണത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് തികച്ചും അനീതിയാണ്"- കെലിൻ പറഞ്ഞു. ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസാണ് അദ്ദേഹം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരത്തിലേക്ക് മടങ്ങണമെന്നുമാണ് നല്ലതെന്നും കെലിൻ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി ഇറാന്, റഷ്യ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.

അമേരിക്കൻ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും കൃത്യമായ സ്ഥാനങ്ങൾ സംബന്ധിച്ച രഹസ്യവിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നതായി വാഷിംഗ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയനും തമ്മിൽ വെള്ളിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നത്.

അതേസമയം കുർദുകളെ ഇറാനിലേക്ക് എത്തിക്കാനുള്ള പദ്ധതിയിൽ നിന്ന് അമേരിക്ക പിന്മാറി. യുദ്ധം ഇപ്പോൾ തന്നെ സങ്കീർണമാണെന്നും ഇതിലേക്ക് കുർദുകളെ അയച്ച് അവർക്ക് പ്രയാസമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാഖിലെ കുർദ് നിയന്ത്രണപ്രദേശത്ത് ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍.

Similar Posts