< Back
World
Russia, Ukraine, റഷ്യ, പുടിൻ, ട്രംപ്

പുടിൻ

World

ട്രംപുമായി ചർച്ചക്ക് തയ്യാർ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധനെന്ന് പുടിൻ

Web Desk
|
20 Dec 2024 2:58 PM IST

റഷ്യൻ സൈന്യം യുദ്ധത്തിന്റെ എല്ലാ മുന്നണിയിലും മുന്നേറുകയാണെന്ന് പുടിൻ

മോസ്‌കോ: യുക്രൈനുമായി യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വ്യവസ്ഥകളില്ലാതെ യുക്രൈനിയൻ അധികൃതരുമായും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ചർച്ചകൾ ആരംഭിക്കാൻ തയ്യാറാണെന്നാണ് പുടിന്റെ പരാമർശം. നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

വർഷാവസാനത്തോടനുബന്ധിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയയിലൂടെ നടത്തിയ ചോദ്യോത്തര വേളയിലായിരുന്നു പുടിന്റെ പരാമർശം. വർഷങ്ങളായി താൻ ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് ഒരു യുഎസ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പുടിൻ മറുപടി നൽകി. ഈ ദുർബലമായ അവസ്ഥയിൽ ട്രംപിന് റഷ്യക്ക് എന്ത് നൽകാൻ സാധിക്കുമെന്ന ചോദ്യത്തിന്, ആ വാദം ശരിയെല്ലെന്നാണ് പുടിൻ പറഞ്ഞത്. 2022 ൽ യുക്രൈനിലേക്ക് തങ്ങളുടെ സൈന്യത്തെ അയച്ചതിന് ശേഷം റഷ്യ കൂടുതൽ ശക്തമായെന്നും അദ്ദേഹം പറഞ്ഞു.റഷ്യൻ സൈന്യം യുദ്ധത്തിന്റെ എല്ലാ മുന്നണിയിലും മുന്നേറുകയാണ്. യുക്രൈനിൽ റഷ്യൻ സൈന്യം തങ്ങളുടെ പ്രാഥമിക ലക്ഷ്യം കൈവരിക്കുന്നതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും പുടിൻ ചൂണ്ടിക്കാട്ടി.

"ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാണെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. യുദ്ധം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ഇനി യുക്രൈനിൽ അവശേഷിക്കില്ല. ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണ്. പക്ഷെ എതിർ വശത്തുള്ളവരും വിട്ടുവീഴ്ചയ്ക്കും വിലപേശലിലും തയ്യാറാകണം," പുടിൻ വ്യക്തമാക്കി. കർശനമായ വ്യവസ്ഥകളോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ പറഞ്ഞതായി കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

Similar Posts