< Back
World
ഫിഫയെ വെല്ലുവിളിക്കാൻ റഷ്യ:  ബദൽ ലോകകപ്പിനൊരുങ്ങുന്നു, യോഗ്യത നേടാത്ത രാജ്യങ്ങളെ പങ്കെടുപ്പിക്കും
World

ഫിഫയെ വെല്ലുവിളിക്കാൻ റഷ്യ: ബദൽ ലോകകപ്പിനൊരുങ്ങുന്നു, യോഗ്യത നേടാത്ത രാജ്യങ്ങളെ പങ്കെടുപ്പിക്കും

Web Desk
|
27 Nov 2025 8:00 AM IST

2026ൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താനാണ് റഷ്യ ആലോചിക്കുന്നത്

മോസ്കോ: രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ 'ഫിഫ'യെ വെല്ലുവിളിച്ച് ബദൽ ലോകകപ്പ് ടൂർണമെന്റ് നടത്താൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്.

യുഎസിന്റെ 'വേൾഡ് സോക്കർ ടോക്ക്, ബ്രിട്ടന്റെ ഫൂട്ടി റൂം എന്നി വെബ്സൈറ്റുകളാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റഷ്യൻ ഫുട്ബോൾ യൂണിയൻ (ആര്‍എഫ് യു) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

2026ൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താനാണ് റഷ്യ ആലോചിക്കുന്നത്. യുക്രെയ്നിലെ സൈനിക നടപടിയെ തുടർന്ന് 2022 ഫെബ്രുവരി മുതൽ റഷ്യയ്ക്ക് ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിലും വിലക്കുണ്ട്. ഇതിനെ വെല്ലുവിളിക്കാനും ഉപരോധം പിന്‍വലിപ്പിക്കാനുമാണ് റഷ്യ പദ്ധതിയിടുന്നതാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ, സെർബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂൺ, ചൈന എന്നിവയൊക്കെ റഷ്യയുടെ ബദല്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമാക്കാനാണ് ശ്രമം. 2026 ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടാത്തവരാണ് ഈ രാജ്യങ്ങള്‍. യോഗ്യത നേടാത്തവരെ പങ്കെടുപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. 2018ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് റഷ്യ അവസാനമായി ഒരു ഫിഫ ടൂർണമെന്റിൽ പങ്കെടുത്തത്. ഇതിനെ തുടർന്നാണ് കടുത്ത നീക്കത്തിന് റഷ്യ ഒരുങ്ങുന്നത്.

2026ലെ ലോകകപ്പ് നടക്കുന്ന അതേ സമയത്ത് റഷ്യയിൽ ഒരു സമാന്തര രാജ്യാന്തര ടൂർണമെന്റ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. 2018 ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ.

Similar Posts