< Back
World
യുക്രൈനിൽ നിന്നുള്ള അഞ്ച് കലാപകാരികളെ വധിച്ചതായി റഷ്യ; നിഷേധിച്ച് യുക്രൈൻ
World

യുക്രൈനിൽ നിന്നുള്ള അഞ്ച് 'കലാപകാരികളെ' വധിച്ചതായി റഷ്യ; നിഷേധിച്ച് യുക്രൈൻ

Web Desk
|
21 Feb 2022 9:11 PM IST

യുക്രൈൻ വിദേശകാര്യമന്ത്രിയാണ് റഷ്യൻ സൈന്യത്തിൻറെ പ്രസ്താവനയെ നിഷേധിച്ച് രംഗത്തെത്തിയത്

യുക്രൈനില്‍ നിന്ന് അതിര്‍ത്തികടന്നെത്തിയ അഞ്ച് 'കലാപകാരികളെ' വധിച്ചതായി റഷ്യൻ സൈന്യം. 'സംഘർഷത്തിന്റെ ഫലമായി റഷ്യൻ അതിർത്തി ലംഘിച്ച അഞ്ച് പേർ കൊല്ലപ്പെട്ടു' എന്നാണ് സൈന്യത്തിന്‍റെ പ്രസ്താവനയെന്ന് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസിനെ (എഫ്.എസ്.ബി) ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. റോസ്തോവ് മേഖലയിലെ മിത്യകിൻസ്കായ ഗ്രാമത്തിന് സമീപം രാവിലെ ആറോടെയാണ് സംഭവം.

എന്നാല്‍, റഷ്യന്‍ സൈന്യത്തിന്‍റെ പ്രസ്താവനയെ നിഷേധിച്ച് യുക്രൈന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തി. യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റ് തകര്‍ന്നതായി എഫ്.എസ്.ബി നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. റോസ്‌തോവ് മേഖലയിലെ സൈനിക പോസ്റ്റ് പൂര്‍ണമായും തകര്‍ന്നതായും ആളപായമൊന്നുമുണ്ടായില്ലെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍, ഈ വാര്‍ത്തയും യുക്രൈന്‍ തള്ളി.

യുക്രൈന് നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. നിലവിലെ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Tags :
Similar Posts