
'നമ്മളില്ലേ... ഗ്രീൻലാൻഡിന്റെ കാര്യം അവർ നോക്കിക്കോളും': വിട്ടുനിന്ന് പുടിൻ
|റഷ്യയുടെ കാര്യമല്ലെന്നും ഞങ്ങള്‍ക്കതില്‍ ഇടപെടേണ്ടതില്ലെന്നും അവരത് നോക്കിക്കൊള്ളുമെന്നായിരുന്നു ഗ്രീന്‍ലാന്‍ഡ് സംബന്ധിച്ച് പുടിന്‍ പറഞ്ഞത്
മോസ്കോ: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കത്തില്‍ ഇടപെടാതെ റഷ്യ. പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്റെ പുതിയ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത്. അത് റഷ്യയുടെ കാര്യമല്ലെന്നും ഞങ്ങള്‍ക്കതില്‍ ഇടപെടേണ്ടതില്ലെന്നും അവരത് നോക്കിക്കൊള്ളുമെന്നായിരുന്നു ഗ്രീന്‍ലാന്‍ഡ് സംബന്ധിച്ച് പുടിന്‍ പറഞ്ഞത്.
അതേസമയം ആർട്ടിക് ദ്വീപിലെ താമസക്കാരോട് പുടിൻ സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. 'ഗ്രീൻലാൻഡിന് എന്ത് സംഭവിക്കുന്നു എന്നത് നമ്മുടെ വിഷയമല്ല''- ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിനിടെയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. ഗ്രീൻലാൻഡിനോടുള്ള ഡെന്മാർക്കിന്റെ ചരിത്രപരമായ സമീപനം കഠിനമായിരുന്നുവെന്നും പുടിന്‍ പറഞ്ഞു.
"ഡെൻമാർക്ക് ഗ്രീൻലൻഡിനെ എല്ലായ്പ്പോഴും ഒരു കോളനിയായി കണക്കാക്കുകയും വളരെ ക്രൂരമായ രീതിയിൽ ഗ്രീൻലൻഡിനോട് പെരുമാറുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം ഞങ്ങളെ ബാധിക്കുന്നില്ല. അവർ അത് സ്വയം പരിഹരിക്കുമെന്ന് ഞാൻ കരുതുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. 1917ൽ ഡെൻമാർക്ക് വെർജിൻ ദ്വീപുകൾ യുഎസിന് വിറ്റതായും പുടിന്‍ ഓർമ്മിപ്പിച്ചു.1867ൽ റഷ്യ 7.2 മില്യൺ ഡോളറിന് അലാസ്ക യുഎസിന് കൈമാറിയ കാര്യവും പുടിന്‍ പറഞ്ഞു.
ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ഉണ്ടായേക്കാവുന്ന ഭീഷണികളെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഗ്രീന്‍ലാന്‍ഡിലേക്ക് നോക്കുന്നത്. റഷ്യയെ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടും പുടിന്‍ ഇടപെടാതെ നില്‍ക്കുന്നത് ചര്‍ച്ചയായി. ഗ്രീൻലൻഡിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നമ്മളത് എടുക്കാൻ പോവുകയാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്നും അവര്‍ നമ്മുടെ അയൽക്കാരാകുന്നതില്‍ നമ്മൾ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.