< Back
World
ലെബനാനിലെ പേജര്‍ ആക്രമണം യു.എസിന് അറിയാമായിരുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി
World

ലെബനാനിലെ പേജര്‍ ആക്രമണം യു.എസിന് അറിയാമായിരുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

Web Desk
|
29 Sept 2024 8:55 PM IST

അമേരിക്ക എല്ലായിപ്പോഴും എല്ലാം നിഷേധിക്കാറാണ് പതിവെന്നും സത്യം മൂടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താറുണ്ടെന്നും അദ്ദേഹം വിമർശിച്ചു

ന്യൂയോർക്ക്: ലെബനാനിൽ ഇസ്രോയേൽ നടത്തിയ പേജർ ആക്രമണത്തെ കുറിച്ച് യു.എസിന് നേരത്തെ അറിയാമായിരുന്നുവെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. അടുത്തിടെ ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ അതേ കുറിച്ച് അറിയില്ലെന്നായിരുന്നു യു.എസിന്റെ വാദം.

ആക്രമണത്തിന്റെ വിവരങ്ങൾ പാശ്ചാത്യമാധ്യമങ്ങൾക്ക് വിശദമായി ലഭിച്ചത് യു എസിന് ഇക്കാര്യത്തെ കുറിച്ച് അറിയാമായിരുന്നുവെന്നതിന്റെ ഉദാഹരണമാണ്. അമേരിക്ക എല്ലായിപ്പോഴും എല്ലാം നിഷേധിക്കാറാണ് പതിവെന്നും സത്യം മൂടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താറുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

ലെബനാനിലുടനീളം ഇസ്രായേൽ നടത്തിയത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും സെർജി വ്യക്തമാക്കി. അമേരിക്കൻ ആയുധമുപയോഗിച്ച് ഫലസ്തീൻ ജനതയെ കൊന്നൊടുക്കുന്നത് ഉടനടി അവസാനിപ്പിക്കണമെന്നും യു.എൻ ജനറൽ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രായേലിലുണ്ടായ ആക്രമണത്തെ ന്യായീകരിക്കാനാവില്ല. എന്നാൽ അതിന്റെ പേരിൽ ഒരു ജനതയെ മുഴുവൻ മനുഷ്യത്വരഹിതമായി കൂട്ടത്തോടെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ല. ഗസ്സമുനമ്പിൽ മാനുഷിക സഹായം ഉറപ്പാക്കണം. അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലെബനാനിൽ ഹിസ്ബുല്ലയുടെ പേജറുകൾ പൊട്ടിത്തെറിച്ച് അവരുടെ അം​ഗങ്ങളടക്കം നിരവധി പേർ കൊല്ലപ്പെടുകയും 2750ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ദക്ഷിണ ലെബനനിലും ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുമായി അവർ ഉപയോഗിച്ചിരുന്ന വയർലെസ് കമ്യൂണിക്കേഷൻ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതിന് പിന്നില്‍ ഇസ്രായേലിന്‍റെ പദ്ധതിയായിരുന്നു.

Similar Posts