
Photo | Special Arrangement
റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു; ദൃശ്യങ്ങൾ പുറത്ത്
|കാസ്പിയന്‍ കടലിനടുത്തുള്ള ഗ്രാമത്തിലാണ് ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് തകര്‍ന്നുവീണത്
മോസ്‌കോ: റഷ്യയിൽ പ്രതിരോധ മേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏവിയേഷൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. ഡാഗെസ്താനിലെ കിസ്ലിയാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്ലാന്റിലെ ജീവനക്കാരുമായി പോയ കെഎ -226 ഹെലികോപ്റ്ററാണ് തകര്‍ന്നത്.
കിസ്‌ലിയാറിൽ നിന്ന് ഇസ്ബെർബാഷിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററിന് ആകാശത്തുവെച്ച് തീപിടിക്കുകയും, തുടർന്ന് അടിയന്തരമായി നിലത്തിറക്കാൻ ജീവനക്കാർ നിർബന്ധിതരാവുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കാസ്പിയന്‍ കടലിനടുത്തുള്ള ഗ്രാമത്തിലാണ് ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് തകര്‍ന്നുവീണത്. കാസ്പിയൻ കടൽത്തീരത്ത് ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും, ഒടുവിൽ അത് കരബുഡാഖ്‌കെൻ്റ് ജില്ലയിലെ ഒരു സ്വകാര്യ വസതിയുടെ മുറ്റത്ത് തകർന്നുവീഴുകയായിരുന്നു
അപകടത്തെ തുടർന്നുണ്ടായ തീപിടിത്തം ഏകദേശം 80 ചതുരശ്ര മീറ്റർ സ്ഥലത്തേക്ക് വ്യാപിച്ചു. പിന്നീട് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. മരിച്ചവരിൽ കെഇഎംഇസഡ് കമ്പനിയിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്ററിൻ്റെ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവരും ഉൾപ്പെടുന്നു.