< Back
World
saleh al bardawil
World

‘സലാഹ്​ അൽ ബർദാവീൽ ത്യാഗത്തിന്റെ പ്രതീകം’; ജനനവും മരണവും ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ

Web Desk
|
23 March 2025 1:59 PM IST

ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടയിലാണ്​ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്​

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ ത്യാഗത്തിന്റെ പ്രതീകമായിരുന്നുവെന്ന്​ ഹമാസ്. ‘അദ്ദേഹത്തി​ന്റെ രക്​തം, ഭാര്യയുടെയും രക്​തസാക്ഷികളുടെയും രക്​തം എന്നിവ വിമോചനത്തി​ന്റെയും സ്വാതന്ത്ര്യത്തി​ന്റെയും ഇന്ധനമായി നിലനിൽക്കും. ക്രിമിനൽ ശത്രുവിന്​ നമ്മുടെ നിശ്ചയദാർഢ്യത്തെയും ഇച്ഛയെയും തകർക്കാനാകില്ല’ -പ്രസ്​താവനയിൽ ഹമാസ്​ വ്യക്​തമാക്കി.

ഗസ്സയിലെ ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ അഭയാർഥി ക്യാമ്പിലെ ടെൻറിൽ കഴിയവെയാണ്​ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടത്​​. ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടെയാണ്​ ആക്രമണമെന്ന്​ ഹമാസ്​ പ്രസ്​താവനയിൽ അറിയിച്ചു.

1959 ആഗസ്​റ്റ്​ 24ന്​ ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലാണ്​ ഇദ്ദേഹത്തി​ന്റെ ജനനം. ഈജിപ്തിൽ അറബിയും സാഹിത്യവും പഠിച്ച ബർദാവീൽ 2001ൽ ഫലസ്തീൻ സാഹിത്യത്തിൽ പിഎച്ച്ഡി നേടി.

1990കളിൽ സർക്കാർ സ്കൂളുകളിലും ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലും അധ്യാപകനായി ജോലി ചെയ്തു. 1997 മുതൽ 2001 വരെ അൽ റിസാല പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായി സേവനമനുഷ്ഠിച്ചു.

1987 അവസാനത്തിൽ ഹമാസ് സ്ഥാപിതമായപ്പോൾ തന്നെ ബർദാവീൽ സംഘടനയുടെ ഭാഗമായി. 1993ൽ ഇസ്രായേൽ സേന അറസ്റ്റ് ചെയ്ത് 70 ദിവസത്തിലധികം തടവിലിട്ടു. 2006ലെ തെരഞ്ഞെടുപ്പിൽ ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹമാസിന്റെ വക്താവ് കൂടിയായിരുന്നു ബർദാവീൽ. നിരന്തരം അറബി മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം വിവിധ പത്രങ്ങളിൽ ഫലസ്തീൻ പ്രശ്നത്തെക്കുറിച്ച് ലേഖനങ്ങൾ എഴുതി. 2021ലാണ്​ ബർദാവീൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്​. മൂന്ന്​ ആൺ മക്കളും അഞ്ച്​ പെൺമക്കളും അടങ്ങിയതാണ്​ കുടുംബം.

‘രാഷ്ട്രീയ, മാധ്യമ, ദേശീയ പ്രവർത്തനങ്ങളുടെ ദീപസ്തംഭം; സത്യസന്ധത, സ്ഥിരത, ത്യാഗം എന്നിവയുടെ പ്രതീകം’ എന്നാണ് ഹമാസ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്​. കടമ നിർവഹിക്കുന്നതിലും നിലപാട് സ്വീകരിക്കുന്നതിലും ലക്ഷ്യത്തെ പൂർത്തീകരിക്കുന്നതിലും അദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്നും ഹമാസ് പ്രസ്​താവനയിൽ​ പറയുന്നു.

ബർദാവീൽ കഴിഞ്ഞിരുന്ന ടെൻറ്​ ആക്രമണത്തിൽ തകർന്നപ്പോൾ
ബർദാവീൽ കഴിഞ്ഞിരുന്ന ടെൻറ്​ ആക്രമണത്തിൽ തകർന്നപ്പോൾ

Similar Posts