< Back
World
യുഎസ് ആക്രമണത്തിനും ഫോര്‍ദോ ആണവ നിലയം തകര്‍ക്കാനായില്ലെന്ന് റിപ്പോര്‍ട്ട്‌-സാറ്റലൈറ്റ് ദൃശ്യങ്ങള്‍
World

യുഎസ് ആക്രമണത്തിനും ഫോര്‍ദോ ആണവ നിലയം തകര്‍ക്കാനായില്ലെന്ന് റിപ്പോര്‍ട്ട്‌-സാറ്റലൈറ്റ് ദൃശ്യങ്ങള്‍

Web Desk
|
25 Jun 2025 11:23 AM IST

ആക്രമണം നടന്ന സ്ഥലത്തെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ടിട്ടുണ്ട്

തെഹ്റാന്‍: ഇറാനിലെ മൂന്ന് ആണവ താവളങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബറുകള്‍ അയച്ച് ആക്രമിച്ച ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആദ്യ പ്രസ്താവന ഇങ്ങനെയായിരുന്നു. അതായത് ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിങ്ങനെയുള്ള ഇറാന്റെ സുപ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ സമ്പൂര്‍ണമായി നശിപ്പിക്കുകയും തുടച്ചുമാറ്റുകയും ചെയ്‌തെന്ന്. യുഎസ് വൃത്തങ്ങളുടെയും ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കളുടെയും ആഘോഷവും അങ്ങനെത്തന്നെയായിരുന്നു. ഇസ്രായേല്‍ മിസൈലുകള്‍ക്ക് തൊടാന്‍ സാധിക്കാത്ത ഫോര്‍ദോ നിലയം തകര്‍ക്കാനായായിരുന്നു അമേരിക്ക അത്രയും വലിയ സന്നാഹങ്ങള്‍ അയച്ചതും.

എന്നാല്‍, യുഎസ് ബോംബാക്രമണത്തിനുശേഷം ഫോര്‍ദോ ആണവ നിലയത്തിന്റെ അവസ്ഥ വെളിവാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ആക്രമണത്തില്‍ ഫോര്‍ദോയുടെ ഭൂഗര്‍ഭ സംവിധാനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നാണു പുറത്തുവരുന്ന സൂചന. ആക്രമണത്തിനു വളരെ മുന്‍പ് തന്നെ സമ്പുഷ്ടീകരിക്കപ്പെട്ട യുറേനിയം മറ്റൊരു രഹസ്യസ്ഥലത്തേക്ക് മാറ്റിയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജൂണ്‍ 13ന് ഇസ്രായേല്‍ ഇറാനില്‍ ആരംഭിച്ച ആക്രമണങ്ങള്‍ക്കു പറഞ്ഞ ന്യായം ഇറാന്റെ ആണവ പദ്ധതികളായിരുന്നു. ഇറാന്റെ ആണവ നിലയങ്ങളും സംവിധാനങ്ങളും നശിപ്പിച്ചേ അടങ്ങൂ എന്നായിരുന്നു നെതന്യാഹു മുതലുള്ള നേതാക്കളുടെ പ്രഖ്യാപനം. എന്നാല്‍, ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പോലും നതാന്‍സ് ഉള്‍പ്പെടെ ഭൗമോപരിതലത്തിലുള്ള ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായി നശിപ്പിക്കാന്‍ പോലും ഇസ്രായേലിനായിരുന്നില്ല. ഫോര്‍ദോ ലക്ഷ്യമാക്കി പലതവണ മിസൈലുകള്‍ അയച്ചിട്ടും നിലയത്തിനു പോറലേല്‍പ്പിക്കാന്‍ പോലും ആയില്ല.

മറുവശത്ത് ഇറാന്‍ ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ശക്തമായ പ്രത്യാക്രമണവും ആരംഭിച്ചു. അയേണ്‍ ഡോം, ഏരോ, താഡ് ഉള്‍പ്പെടെയുള്ള എയര്‍ ഡിഫന്‍സ് സന്നാഹങ്ങളെയെല്ലാം ഭേദിച്ചു പല മിസൈലുകളും ഇസ്രായേലില്‍ വന്‍ നാശം വിതച്ചു. ഇസ്രായേലിന്റെ ആയുധസാമഗ്രികളും പ്രതിരോധ സന്നാഹങ്ങളും തീരുകയാണെന്ന റിപ്പോര്‍ട്ടുകളും വന്നു.

ഇതേസമയത്താണ് യുഎസ് നേരിട്ട് ഇടപെടണമെന്ന അപേക്ഷയുമായി ഇസ്രായേല്‍ നേതാക്കള്‍ രംഗത്തെത്തുന്നത്. അമേരിക്ക ഇറങ്ങിയില്ലെങ്കില്‍ ഇറാനെ പിടിച്ചുകെട്ടാനാകില്ലെന്നും അവരുടെ ആണവ പദ്ധതികള്‍ അവസാനിപ്പിക്കാനാകില്ലെന്നുമായിരുന്നു നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. മണിക്കൂറുകള്‍ക്കകം ഇടപെടണമെന്ന് അപേക്ഷിച്ചെങ്കിലും ആദ്യം യുഎസ് മടിച്ചു. ഇറാനെ ആക്രമിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും രണ്ട് ആഴ്ചയ്ക്കുശേഷമേ നടപടിയിലേക്കു കടക്കൂവെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍, ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ ശക്തമായ ഇസ്രായേല്‍ സമ്മര്‍ദത്തില്‍ പെട്ടെന്നു തന്നെ സൈനിക നടപടിയിലേക്ക് കടക്കുകയായിരുന്നു യുഎസ്.

ഇറാന്റെ ആണവ പദ്ധതികളെ തകര്‍ക്കാനുള്ള യുഎസിന്റെ ശ്രമമായാണ് ഈ സൈനിക നീക്കം വിലയിരുത്തപ്പെടുന്നത്. ജൂണ്‍ 13 മുതല്‍ ഇസ്രായേല്‍ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം ആരംഭിച്ചിരുന്നു. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതിന് തൊട്ടടുത്താണെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് യുഎസ് ഇടപെട്ടത്.

ജൂണ്‍ 22 പുലര്‍ച്ചെയായിരുന്നു അമേരിക്കയുടെ ശക്തമായ ആക്രമണം നടന്നത്. ഏഴ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉള്‍പ്പെടെ 125 യുദ്ധവിമാനങ്ങളാണ് ഓപറേഷനില്‍ പങ്കെടുത്തത്. 30,000 പൗണ്ട് ഭാരമുള്ള ജിബിയു-57 മാസീവ് ഓര്‍ഡന്‍സ് പെനട്രേറ്റേഴ്‌സ് എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് വിമാനങ്ങള്‍ ഫോര്‍ദോയിലും നതാന്‍സിലുമെല്ലാം വര്‍ഷിച്ചതെന്നാണ് ഔദ്യോഗിക വിവരം. 200 അടി ആഴത്തിലുള്ള ഭൂഗര്‍ഭ കെട്ടിടങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകളാണവ. ഇതിനു പുറമെ ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിന്റെ ടണല്‍ പ്രവേശന കവാടം ലക്ഷ്യമാക്കി 34 ടോമാഹോക്ക് ക്രൂസ് മിസൈലുകളും വിക്ഷേപിച്ചു.

മാക്സര്‍ ടെക്നോളജീസ് ആക്രമണം നടന്ന സ്ഥലത്തെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങളില്‍ ഫോര്‍ദോ സ്ഥിതി ചെയ്യുന്ന മലനിരയില്‍ ആറ് ഗര്‍ത്തങ്ങള്‍ കാണിക്കുന്നുണ്ട്. ഇത് ബോംബുകള്‍ തുളച്ചുകയറിയ സ്ഥലങ്ങളാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍, ഭൂഗര്‍ഭ കെട്ടിടത്തിലുള്ള യുറേനിയം സെന്‍ട്രിഫ്യൂജുകള്‍ക്ക് ഇത് എത്രത്തോളം നാശം വിതച്ചുവെന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 40 മീറ്ററോളം താഴ്ച്ചയിലുള്ള കെട്ടിടങ്ങള്‍ക്കു നാശമുണ്ടാക്കിയ സൂചനകളൊന്നും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തവുമല്ല. പുറത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചതൊഴിച്ച് ആണവ നിലയത്തില്‍ കാര്യമായൊരു കേടുപാടുമില്ലെന്ന് ഇറാന്‍ വൃത്തങ്ങള്‍ അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

അതേസമയം, നതാന്‍സിലെ പൈലറ്റ് ഫ്യൂവല്‍ എന്റിച്ച്മെന്റ് പ്ലാന്റ് പൂര്‍ണമായും തകര്‍ന്നതായാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടത്തെ വൈദ്യുതി ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് 15,000ത്തോളം സെന്‍ട്രിഫ്യൂജുകള്‍ നശിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഫോര്‍ദോയിലെ നാശം വളരെ പരിമിതമാണെന്നാണ് ഐഎഇഎ സൂചിപ്പിക്കുന്നത്.

ഇസ്ഫഹാനിലെ ആണവകേന്ദ്രത്തിന്റെ ടണല്‍ പ്രവേശന കവാടങ്ങള്‍ക്ക് ക്രൂസ് മിസൈലുകള്‍ നാശമുണ്ടാക്കിയെങ്കിലും, അവിടെയുള്ള ഭൂഗര്‍ഭ കെട്ടിടങ്ങള്‍ക്കു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ഇതേസമയത്തു തന്നെയാണ് ഫോര്‍ദോയില്‍ ഉള്‍പ്പെടെയുള്ള യുറേനിയം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ വിവരം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷകരും വെളിപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 19, 20 തിയതികളില്‍ ഫോര്‍ദോയ്ക്കു പുറത്ത് കണ്ടെയ്‌നറുകള്‍ നിരനിരയായി നിര്‍ത്തിയിട്ടതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് ഒരു മുതിര്‍ന്ന ഇറാന്‍ വൃത്തം റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത്. 400 കിലോഗ്രാമിലധികം വരുന്ന യുറേനിയം ആണ് കണ്ടെയ്നറുകളില്‍ മാറ്റിയതെന്നാണു സൂചന.

ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ താത്കാലികമായി തടസ്സപ്പെടുത്തിയെങ്കിലും, പദ്ധതി പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നതാന്‍സില്‍ വലിയ നാശമുണ്ടായെങ്കിലും വന്‍ സന്നാഹങ്ങളുമായി അമേരിക്ക എത്തിയിട്ടും ആണവ പദ്ധതികളുടെ നട്ടെല്ലൊടിക്കാനായില്ല. ഭാവിയില്‍ ഇറാന്‍ ആണവായുധങ്ങള്‍ തന്നെ വികസിപ്പിക്കാനുള്ള സാധ്യതകളാണ് യുഎസ് ആക്രമണത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്‌വദേവ് ഇതിനകം തന്നെ അക്കാര്യം വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു.

Similar Posts