
ഗ്രോക്കിന് പൂട്ട്; AI ചാറ്റ്ബോട്ടിനെ 'സെൻസർ' ചെയ്യുന്ന ആദ്യ രാജ്യമായി തുർക്കി
|തുർക്കി പ്രസിഡന്റിനെയും ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അതാതുർക്കിനെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടപടി
അങ്കാറ: തുർക്കി പ്രസിഡന്റിനെയും ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അതാതുർക്കിനെയും അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനായി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ഗ്രോക്കിലെ ചില ഉള്ളടക്കങ്ങൾ ബുധനാഴ്ച തുർക്കി കോടതി തടയാൻ തീരുമാനിച്ചു. ഇതോടെ ഒരു AI ചാറ്റ്ബോട്ടിനെ സെൻസർ ചെയ്യുന്ന ആദ്യ രാജ്യമായി തുർക്കി മാറിയിരിക്കുന്നു.
പൊതു ക്രമം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഗ്രോക്ക് എക്‌സിൽ പങ്കിട്ട ഏകദേശം 50 പോസ്റ്റുകൾ തടയാനും നീക്കം ചെയ്യാനും അങ്കാറ ക്രിമിനൽ കോടതി ഓഫ് പീസ് ഉത്തരവിട്ടത്. എന്നാൽ AI ടൂൾ പൂർണ്ണമായും നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രത്യേക പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും അങ്കാറ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.
ഒരു വിഭാഗത്തിന്റെ മതപരമായ മൂല്യങ്ങളെ പരസ്യമായി അപമാനിക്കുന്നതിനെതിരായ വ്യവസ്ഥകൾ ഉൾപ്പെടെ, ശിക്ഷാ നിയമപ്രകാരം ഒരു എക്സ് ഒഫീഷ്യോ അന്വേഷണം ആരംഭിച്ചതായി പ്രോസിക്യൂട്ടറുടെ ഓഫീസ് വിശദീകരിച്ചു. ഗ്രോക്കിന്റെ എക്സ് പോസ്റ്റുകൾ തടഞ്ഞുവെക്കാനുള്ള തുർക്കി കോടതി തീരുമാനം എക്സ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.