
'ജീവിതച്ചെലവ് ഉയരുന്നു'; ഇറാനിൽ പ്രക്ഷോഭം, സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് പേർ കൊല്ലപ്പെട്ടു
|ജീവിതച്ചെലവ് കുതിച്ചുയരുന്നതും പാശ്ചാത്യ ഉപരോധം മൂലം ഇറാനിയൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിയുന്നതുമാണ് രാജ്യത്ത് പ്രക്ഷോഭങ്ങൾ ശക്തമാകാൻ കാരണം
തെഹ്റാന്‍: ഇറാനിലെ കുതിച്ചുയരുന്ന ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നു. സുരക്ഷാ സേനയുമായി വിവിധയിടങ്ങളിലുണ്ടയ ഏറ്റ് മുട്ടലുകളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ലോറെസ്ഥാൻ പ്രവിശ്യയിലെ അസ്ന നഗരത്തിലുണ്ടായ പ്രതിഷേധത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തവെന്നാണ് ഇറാന്‍ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ തെഹ്റാനില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയായാണ് അസ്ന നഗരം.
ജീവിതച്ചെലവ് കുതിച്ചുയരുന്നതും പാശ്ചാത്യ ഉപരോധം മൂലം ഇറാനിയൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിയുന്നതുമാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകാൻ കാരണം. തെഹ്‌റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ ജോലി ബഹിഷ്കരിച്ചതോടെയാണ് സമരങ്ങളുടെ തുടക്കം. പലയിടങ്ങളിലും സമരം അക്രമാസക്തമാവുന്നുണ്ട്. ഫാർ പ്രവിശ്യയിൽ സർക്കാർ കെട്ടിടം ഉപരോധിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന വെടിവെച്ചു.
പലയിടത്ത് നിന്ന് തീയും പുകയും ഉയരുന്നതും അക്രമവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും വന്‍വിലയായി. വിദ്യാർഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം പടരുകയായിരുന്നു.
അതേസമയം പ്രക്ഷോഭത്തെ തുടർന്ന് പുതിയ സാമ്പത്തിക നടപടികൾ പ്രഖ്യാപിക്കുകയും സെൻട്രൽ ബാങ്ക് ഓഫ് ഇറാന്, പുതിയ ഗവർണറെ നിയമിക്കുകയും ചെയ്തു. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങൾ പൂർണ്ണമായും അടങ്ങിയിട്ടില്ല. എന്നാലും പ്രതിഷേധ പ്രകടനങ്ങൾ വ്യാപിക്കുന്നത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇതിനിടെ ട്രേഡ് യൂണിയൻ പ്രതിനിധികളുമായും വ്യാപാരികളുമായും അധികൃതർ നേരിട്ട് തന്നെ ചർച്ച നടത്തുമെന്ന് സർക്കാർ വക്താവ് ഫത്തേമെ മൊഹജറാനി വ്യക്തമാക്കി.