< Back
World
Several Muslim countries including Saudi Arabia accept invite to join Board of Peace and India Absent
World

മിണ്ടാതെ ഇന്ത്യ; ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്' അം​ഗങ്ങളായി പാകിസ്താനും സൗദിയുമടക്കമുള്ള രാജ്യങ്ങൾ; നോ പറഞ്ഞ് വിവിധ യൂറോപ്യൻ രാജ്യങ്ങൾ

ഷിയാസ് ബിന്‍ ഫരീദ്
|
22 Jan 2026 7:03 PM IST

ബോർഡ് ഓഫ് പീസിൽ അം​ഗമാവാനുള്ള ട്രംപിന്റെ ക്ഷണം ഇസ്രായേൽ ആദ്യം തന്നെ സ്വീകരിച്ചിരുന്നു.

ദാവോസ്: ​ഗസ്സയിലേതുൾപ്പെടെ അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച സമാധാന സമിതി (ബോർഡ് ഓഫ് പീസ്) ചാർട്ടറിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച സ്വിറ്റ്സർലൻഡിലെ ദാവോസിൽ മറ്റ് സ്ഥാപക അംഗ രാജ്യങ്ങളടക്കം പങ്കെടുത്ത ചടങ്ങിലാണ് ട്രംപ് ഒപ്പുവച്ചത്. ട്രംപിന്റെ നേതൃത്വത്തിൽ യുദ്ധാനന്തര ഗസ്സയുടെ ഭരണ മേൽനോട്ടം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സംഘടനയാണ് 'ബോർഡ് ഓഫ് പീസ്' എന്നാണ് യുഎസ് അവകാശപ്പെടുന്നത്.

ബോർഡ് ഓഫ് പീസിൽ അം​ഗമാവാനുള്ള ട്രംപിന്റെ ക്ഷണം ഇസ്രായേലിനെ കൂടാതെ സൗദിയടക്കം വിവിധ ഇസ്‌ലാമിക രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. പീസ് ബോർഡ് ഇന്ന് മുതൽ ഒരു ഔദ്യോഗിക അന്താരാഷ്ട്ര സംഘടനയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഒപ്പുവയ്ക്കൽ ചടങ്ങിൽ പറഞ്ഞു. 2027 അവസാനം വരെ ​ഗസ്സയുടെ യുദ്ധാനന്തര മാനേജ്‌മെന്റിന് മേൽനോട്ടം വഹിക്കാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ അനുമതി‌ സമാധാന ബോർഡിന് ലഭിച്ചിരുന്നു. എന്നാൽ, ലോകമെമ്പാടുമുള്ള സംഘർഷ പരിഹാരത്തിനായി പാനലിനെ ഉപയോഗിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.

​ഗസ്സയിൽ ബോർഡിന്റെ പ്രവർത്തനം ഏറെ വിജയകരമാകുമെന്നും അതോടെ മറ്റ് കാര്യങ്ങളിലേക്കും വ്യാപിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. അധികാരത്തിൽ തിരിച്ചെത്തിയ ശേഷം എട്ട് യുദ്ധങ്ങൾ നിർത്തിയെന്ന തന്റെ അവകാശവാദം ട്രംപ് ചടങ്ങിൽ ആവർത്തിച്ചു. നിരവധി രാജ്യങ്ങൾ ബോർഡ് ഓഫ് പീസ് സ്ഥാപിക്കുന്നതിൽ പങ്കാളികളാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ജൂണിൽ ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയ ട്രംപ്, അത് അവരുടെ ആണവ ശേഷിയെ തകർത്തുകളഞ്ഞതായും അഭിപ്രായപ്പെട്ടു.

അർജന്റീന, അൽബേനിയ, അർമേനിയ, അസർബൈജാൻ, ബഹ്‌റൈൻ, ബെലാറസ്, ബൾഗേറിയ, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ജോർദാൻ, കസാക്കിസ്താൻ, കൊസോവോ, മൊറോക്കോ, മംഗോളിയ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ, ഉസ്ബെക്കിസ്താൻ, വിയറ്റ്നാം എന്നിവയാണ് ക്ഷണം സ്വീകരിച്ച മറ്റു രാജ്യങ്ങൾ. ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ട്രംപിന്റെ ക്ഷണം സ്വീകരിക്കുന്നതായി എട്ട് അറബ്- ഇസ്‌ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.


അതേസമയം, ചടങ്ങിൽ ഇന്ത്യ പങ്കെടുത്തില്ലെന്നു മാത്രമല്ല, ഇതുവരെ പ്രതികരണം അറിയിച്ചിട്ടുമില്ല. ട്രംപിന്റെ സമാധാന ബോർഡിൽ ചേരുമെന്ന് മറ്റ് വിവിധ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും ചില യൂറോപ്യൻ രാജ്യങ്ങൾ നോ പറഞ്ഞു. പലരും ട്രംപിന്റെ ക്ഷണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 50 രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നും ഇവയിൽ 30 എണ്ണമെങ്കിലും ബോർഡിന്റെ ഭാ​ഗമാകുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

ഫ്രാൻസ്, നോർവേ, സ്ലോവേനിയ, സ്വീഡൻ, യുകെ എന്നീ രാജ്യങ്ങൾ സമിതിയിൽ അം​ഗമാകാനുള്ള ക്ഷണം നിരസിച്ചപ്പോൾ കംബോഡിയ, ചൈന, ക്രൊയേഷ്യ, സൈപ്രസ്, ജർമനി, ഗ്രീസ്, ഇറ്റലി, യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗം, പരാഗ്വേ, റഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, യുക്രൈൻ എന്നിവയാണ് ക്ഷണിക്കപ്പെട്ടിട്ടും പ്രതികരിക്കാത്ത മറ്റ് രാജ്യങ്ങൾ.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് സിഇഒ മാർക്ക് റോവൻ, ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യൻ വംശജനുമായ അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് എക്സിക്യൂട്ടീവ് ബോർഡിലെ അംഗങ്ങൾ.

Similar Posts