
വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്
|അക്രമിയെ സൈനികർ കസ്റ്റഡിയിലെടുത്തു
വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്. നാഷണൽ ഗാർഡ്‌സ് അംഗങ്ങളായ ഇവർ ആശുപത്രിയിലാണെന്നും അവരുടെ നില ഗുരുതരമായി തുടരുകയാണെന്നും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മേധാവി കാഷ് പട്ടേലും വാഷിങ്ടൺ മേയർ മ്യൂരിയൽ ബൗസറും പറഞ്ഞു.
അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പരസ്പരമുള്ള വെടിവെപ്പിന് ശേഷം നാഷണൽ ഗാർഡ് സൈനികർ തന്നെയാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. വൈറ്റ് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്‌റ്റോപ്പിന് സമീപം ബുധനാഴ്ച ഉച്ചക്ക്് ശേഷമാണ് വെടിവെപ്പുണ്ടായത്.
10 മുതൽ 15 തവണയാണ് അക്രമി വെടിയുതിർത്തത്. രണ്ട് സൈനികർക്കും തലയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റവരിൽ ഒരാൾ സ്ത്രീയാണ്. ഇരുവരും വെസ്റ്റ് വെർജീനിയ സ്വദേശികളാണ്.
2021ൽ അമേരിക്കയിൽ എത്തിയ അഫ്ഗാൻ പൗരനായ റഹ്മാനുല്ല ലകൻവാൽ ആൾ അക്രമിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ഫ്‌ളോറിഡയിലായിരുന്നു. അക്രമി വലിയ വില നൽകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.