World
അമേരിക്കയിൽ ഇസ്രായേൽ അനുകൂല പരിപാടിക്ക് നേരെ ആക്രമണം: ആറുപേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് എഫ്ബിഐ
World

അമേരിക്കയിൽ ഇസ്രായേൽ അനുകൂല പരിപാടിക്ക് നേരെ ആക്രമണം: ആറുപേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് എഫ്ബിഐ

Web Desk
|
2 Jun 2025 9:41 AM IST

ഗസ്സയിലെ ഇസ്രായേൽ വംശഹത്യയ്ക്കെതിരെ യുഎസിൽ എതിര്‍പ്പ് രൂക്ഷമാകുന്നതിനിടെയാണ് ഈ ആക്രമണം.

വാഷിങ്ടണ്‍: കൊളറാഡോയിൽ ഇസ്രായേൽ അനുകൂല റാലിയിൽ പങ്കെടുത്തവർക്കുനേരെ സ്ഫോടക വസ്തു എറിഞ്ഞു. ആറ് പേര്‍ക്ക് പരിക്കേറ്റു. നടന്നത് ഭീകരാക്രമണമാണെന്ന് എഫ്ബിഐ( ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) വ്യക്തമാക്കി.

അതേസമയം അക്രമിയെ പൊലീസ് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ആക്രമണം നടന്നത്. ഗസ്സയിലെ ഇസ്രായേലി തടവുകാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി 'റൺ ഫോർ ദെയർ ലൈവ്സ്' എന്ന സന്നദ്ധ സംഘടനയാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. പരിപാടിക്കായി ആളുകള്‍ കൂടിയിരിക്കെയാണ് അക്രമി സ്ഫോടക വസ്തു എറിഞ്ഞത്.

45കാരനായ മുഹമ്മദ് സാബ്രി എന്നയാളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നും ഇയാള്‍ ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് വിളിച്ചുപറഞ്ഞതായും എഫ്ബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാബ്രിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്ഫോടക വസ്തു എറിയുന്നതിനിടെ അക്രമിക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം എന്താണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. ഗസ്സയിലെ ഇസ്രായേൽ വംശഹത്യയ്ക്കെതിരെ യുഎസിൽ എതിര്‍പ്പ് രൂക്ഷമാകുന്നതിനിടെയാണ് ഈ ആക്രമണം. അതേസമയം കഴിഞ്ഞയാഴ്ച യുഎസ് തലസ്ഥാനനഗരത്തിലെ ജൂത മ്യൂസിയത്തിനു മുന്നിൽ ഇസ്രയേൽ എംബസിയിലെ 2 ജീവനക്കാർ വെടിയേറ്റ് മരിച്ചിരുന്നു.

Related Tags :
Similar Posts