< Back
World
ഗസ്സയിൽ നിന്നുള്ള 150ലധികം പേരെ ദക്ഷിണാഫ്രിക്കയിൽ എത്തിച്ചതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ദക്ഷിണാഫ്രിക്ക
World

ഗസ്സയിൽ നിന്നുള്ള 150ലധികം പേരെ ദക്ഷിണാഫ്രിക്കയിൽ എത്തിച്ചതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ദക്ഷിണാഫ്രിക്ക

Web Desk
|
15 Nov 2025 2:41 PM IST

ഗസ്സക്കാരെ അഭയാർഥികളായി സ്വീകരിക്കുമെന്നും പക്ഷേ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ദക്ഷിണാഫ്രിക്ക പ്രസിഡൻ്റ്സി റിൽ റാമഫോസ

കേപ്ടൗൺ: ഗസ്സയിൽ നിന്നുള്ള 150ലധികം പേരെ ഭക്ഷിണാഫ്രിക്കയിൽ എത്തിച്ചതിൽ ദുരൂഹത. 12 മണിക്കൂറാണ് ഗസ്സക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്. ഇസ്രായേൽ ആസൂത്രണം ചെയ്ത നിർബന്ധിത കുടിയിറക്കലാണിതെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ആരോപിച്ചു.

മികച്ച ജീവിത സാഹചര്യം വാഗ്ദാനം ചെയ്ത് ഗസ്സയിൽ നിന്ന് 153 ഫലസ്തീനികളെയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഇവരെ ആദ്യം ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പുറപ്പെട്ട വിമാനം ആദ്യം കെനിയയിലെ നൈറോബിയിലെത്തി. അവിടെ നിന്നാണ് ദക്ഷിണാഫ്രിക്കയിലേക്ക് ചാർട്ടേഡ് വിമാനം എത്തിയത്.

വ്യാഴാഴ്ച രാവിലെയാണ് വിമാനം ഒ.ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. രേഖകൾ ഇല്ലാത്തതിനാൽ 12 മണിക്കൂർ സമയം ഗസ്സക്കാർ വിമാനത്തിൽ കുടുങ്ങി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഗര്‍ഭിണിയുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. എയര്‍പോര്‍ട്ട് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മാറുപടി പറയാനും കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്ക സർക്കാർ ഇടപെട്ട ശേഷമാണ് 24 മണിക്കൂർ നീണ്ട ഇവരുടെ ദുരിത യാത്ര അവസാനിച്ചത്. ആഫ്രിക്കയിലേക്കാണ് എത്തുക എന്ന് ഇവരാരും പ്രതീക്ഷിച്ചിരുന്നില്ല.

അൽമജ്ദ് യൂറോപ്പ് എന്ന സംഘടനയാണ് ഗസ്സക്കാരെ യാത്രക്കായി സമീപിച്ചത്. ഒരാളിൽ നിന്ന് 1400 മുതൽ 2000 ഡോളർ വരെ പണം ഈടാക്കി. ഇത് ഇസ്രായേൽ ഗൂഢാലോചനയിൽ നടന്ന നിർബന്ധിത കുടിയിറക്കലാണൈന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ആരോപിക്കുന്നു. അതേസമയം ഗസ്സക്കാരെ അഭയാർഥികളായി സ്വീകരിക്കുമെന്നും പക്ഷേ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റമഫോസ പറഞ്ഞു.

Similar Posts