ഉത്തര കൊറിയയില്‍ നടന്ന സൈനിക പരേഡില്‍ നിന്ന്
ഭക്ഷ്യ പ്രതിസന്ധിക്കിടെ സൈനിക പരേഡ്; ഉത്തര കൊറിയയെ വിമര്‍ശിച്ച് ദക്ഷിണ കൊറിയ
|പരേഡിൽ ഉത്തരകൊറിയ കൂടുതൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) പ്രദർശിപ്പിക്കുകയും ഒരു പുതിയ ഖര-ഇന്ധന ആയുധത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു
സിയോള്‍: ഭക്ഷ്യപ്രതിസന്ധിക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുമിടയില്‍ രാജ്യം നട്ടംതിരിയുമ്പോള്‍ സൈനിക പരേഡ് നടത്തിയ ഉത്തര കൊറിയക്കെതിരെ വിമര്‍ശനവുമായി ദക്ഷിണ കൊറിയ. ബുധനാഴ്ച പ്യോങ്‌യാങ്ങിൽ രാത്രിയില്‍ നടന്ന പരേഡിൽ ഉത്തരകൊറിയ കൂടുതൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) പ്രദർശിപ്പിക്കുകയും ഒരു പുതിയ ഖര-ഇന്ധന ആയുധത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
നിയമവിരുദ്ധമായ ആണവ, മിസൈൽ വികസനം, അശ്രദ്ധമായ ആണവ ഭീഷണികൾ എന്നിവ ഉടൻ അവസാനിപ്പിക്കാനും ആണവ നിരായുധീകരണ ചർച്ചകളിലേക്ക് ഉടൻ മടങ്ങാനും തങ്ങൾ ഉത്തരകൊറിയയോട് അഭ്യർഥിക്കുന്നതായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ വക്താവ് ലിം സൂ-സുക്ക് പറഞ്ഞു.
കടുത്ത ഭക്ഷ്യ ക്ഷാമത്തിലൂടെയാണ് 2021 മുതല്‍ ഉത്തര കൊറിയ കടന്നുപോകുന്നത്. 2020ല്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ കൃഷിനാശമുണ്ടാവുകയും ധാന്യ ഉല്‍പാദനം തകിടം മറിഞ്ഞെന്നും അതാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞത്. സാമ്പത്തികമായി ഒറ്റപ്പെട്ട നിലയിലാണ് ഉത്തര കൊറിയ മാത്രമല്ല പരിമിതമായ വിഭവങ്ങളും അതിന്റെ കാർഷിക ഉൽപാദനത്തെ വഷളാക്കിയിട്ടുണ്ട്.ദക്ഷിണ കൊറിയൻ കണക്കുകൾ പ്രകാരം, ഉത്തര കൊറിയയുടെ ഭക്ഷ്യോത്പാദനം 2022 ൽ ഏകദേശം 4% കുറഞ്ഞ് 4.5 ദശലക്ഷം ടണ്ണായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ വരവ് തകർന്നുകൊണ്ടിരിക്കുന്ന ഉത്തര കൊറിയയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഞെട്ടിച്ചു.
ലക്ഷക്കണക്കിന് ജീവൻ അപഹരിച്ച 1990-കളിലെ ക്ഷാമത്തിന് ശേഷം ഉത്തര കൊറിയയിലെ ഭക്ഷ്യക്ഷാമം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് 38 നോർത്ത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഉത്തര കൊറിയയെ കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്ന ലൂക്കാസ് റെംഗിഫോ- കെല്ലർ പ്രസ്താവിച്ചു.
അതേസമയം രാജ്യത്തിന്‍റെ കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഉത്തര കൊറിയൻ സർക്കാർ ഒരു യോഗം നിശ്ചയിച്ചിട്ടുണ്ട്.ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ ശനിയാഴ്ച ഒരു യോഗം ചേർന്നിരുന്നു. ഈ മാസം അവസാനത്തോടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ ഒരു വലിയ രാഷ്ട്രീയ സമ്മേളനം നടത്താൻ തീരുമാനിച്ചതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ സമ്മേളനത്തിൽ കാർഷിക തന്ത്രങ്ങൾ അവലോകനം ചെയ്യുകയും പുതിയ ലക്ഷ്യങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്യും.

