< Back
World
16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ വേണ്ട; നിരോധനത്തിനൊരുങ്ങി സ്പെയിൻ; രൂക്ഷമായി പ്രതികരിച്ച് ഇലോൺ മസ്ക്
World

16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ വേണ്ട; നിരോധനത്തിനൊരുങ്ങി സ്പെയിൻ; രൂക്ഷമായി പ്രതികരിച്ച് ഇലോൺ മസ്ക്

ലാൽകുമാർ
|
4 Feb 2026 3:48 PM IST

ദുബൈയിൽ നടന്ന ഉച്ചകോടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

ന്യൂഡൽഹി: ആസ്‌ട്രേലിയയുടേതിന് സമാനമായി 16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ നിരോധനത്തിനൊരുങ്ങി സ്പെയിൻ. അശ്ലീല ഉള്ളടക്കങ്ങൾ, വയലൻസ് തുടങ്ങിയ ദോഷകരമായ ഉള്ളടക്കങ്ങളിൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ നിരോധിനത്തിന് ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ചൊവ്വാഴ്ച ദുബൈയിൽ നടന്ന ഉച്ചകോടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

"പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായ പ്രായപരിശോധനാ സംവിധാനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. വെറും ടിക് ബോക്സുകൾ മാത്രമല്ല, കൃത്യമായി പ്രവർത്തിക്കുന്ന പ്രതിരോധങ്ങൾ വേണം." സാഞ്ചസ് പറഞ്ഞു.

​"ഇന്ന് നമ്മുടെ കുട്ടികൾ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പാടില്ലാത്ത ഒരിടത്താണ് എത്തിപ്പെട്ടിരിക്കുന്നത്. ലഹരി, അശ്ലീലം, മാനിപ്പുലേഷൻ, അക്രമം എന്നിവ നിറഞ്ഞ ഒരിടം. ഇനി മുതൽ ഇത് അംഗീകരിക്കാൻ കഴിയില്ല." സാഞ്ചസ് വ്യക്തമാക്കി.

നിയമവിരുദ്ധമോ വെറുപ്പുളവാക്കുന്നതോ ആയ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ടെക് പ്ലാറ്റ്‌ഫോമുകളുടെ ചീഫ് എക്‌സിക്യൂട്ടീവുകൾക്ക് ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്നും സ്പെയിൻ പ്രധാനമന്ത്രി പറഞ്ഞു.

തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. തീരുമാനത്തോട് രൂക്ഷമായാണ് എക്‌സ് ഉടമ ഇലോൺ മസ്‌ക് പ്രതികരിച്ചത്. പെഡ്രോ സാഞ്ചസിനെ "ഡേർട്ടി സാഞ്ചസ്" എന്നു വിളിച്ച മസ്‌ക് യഥാർത്ഥ ഫാസിസ്റ്റ് ഏകാധിപതിയെന്നും വിശേഷിപ്പിച്ചു.

കഴിഞ്ഞ നവംബറിൽ തന്നെ സാഞ്ചസ് ഇത്തരമൊരു നിരോധനത്തെ കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും,അടുത്താഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് കർശന നടപടികളുടെ പാക്കേജായി ഇത് അവതരിപ്പിക്കുന്നത് ഇപ്പോഴാണ്.

Similar Posts