< Back
World
13 മണിക്കൂര്‍ പവര്‍കട്ട്, ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തി: ശ്രീലങ്കയില്‍ തെരുവിലിറങ്ങി ജനങ്ങള്‍
World

13 മണിക്കൂര്‍ പവര്‍കട്ട്, ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തി: ശ്രീലങ്കയില്‍ തെരുവിലിറങ്ങി ജനങ്ങള്‍

Web Desk
|
1 April 2022 7:47 AM IST

തെരുവിലിറങ്ങിയ പ്രതിഷേധക്കാർ രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. തലസ്ഥാനമായ കൊളംബോയിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് പിരിച്ചുവിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജനക്കൂട്ടം പൊലീസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. 1948ല്‍ രാജ്യം സ്വതന്ത്രമായ ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് വ്യാഴാഴ്ച മുതൽ 13 മണിക്കൂറാണ് പവർകട്ട്. രാജ്യത്തെ തെരുവുവിളക്കുകളും അണയ്ക്കാനാണ് തീരുമാനം. ജലവൈദ്യുത പദ്ധതികളെയാണ് ശ്രീലങ്ക പ്രധാനമായും ആശ്രയിക്കുന്നത്. മഴ പെയ്യാത്തതിനാല്‍ ഡാമുകളിലെല്ലാം വെള്ളം കുറവാണ്. വൈദ്യുതി ലാഭിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

അവശ്യവസ്തുക്കളുടെ വിലയും ദിനംപ്രതി കുതിച്ചുയരുകയാണ്. പല ആശുപത്രികളും ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചു. ജീവന്‍രക്ഷാ മരുന്നുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്.

ശ്രീലങ്കയില്‍ ഡീസലിനും ക്ഷാമം നേരിടുകയാണ്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം സർക്കാരിന്റെ പക്കലില്ലാത്തതിനാലാണ് രാജ്യം ഇന്ധന ക്ഷാമവും നേരിടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാർച്ചിൽ റീട്ടെയിൽ പണപ്പെരുപ്പം 18.7 ശതമാനത്തിലെത്തിയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അറിയിച്ചു. പെട്രോളിനും ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പലരും വാഹനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. സേവനയോഗ്യമായ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോൾ ഡീസൽ ഉപയോഗിക്കുന്നതെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ പറഞ്ഞു.

Related Tags :
Similar Posts