< Back
World
പാട്ടുകേട്ടവര്‍ പരാതി നല്‍കി; ഇനി പാടരുതെന്ന് ഗായകനോട് പൊലീസ്
World

പാട്ടുകേട്ടവര്‍ പരാതി നല്‍കി; ഇനി പാടരുതെന്ന് ഗായകനോട് പൊലീസ്

Web Desk
|
5 Aug 2022 9:54 PM IST

ഫേസ് ബുക്കില്‍ 2 മില്യണിലധികം പേരും യൂ ട്യൂബില്‍ 1.5 മില്യണ്‍ പേരും പിന്തുടരുന്ന ഗായകനെ പൊലീസ് താക്കീത് ചെയ്തെന്നാണ് പരാതി

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഗായകനെ, ഇനി പാടരുതെന്ന് പൊലീസ് താക്കീത് ചെയ്തെന്ന് പരാതി. ബംഗ്ലാദേശി ഗായകന്‍ ഹീറോ ആലമിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇനി പാടരുതെന്ന് ആവശ്യപ്പെട്ടെന്നാണ് പരാതി.

ഫേസ് ബുക്കില്‍ 2 മില്യണിലധികം പേരും യൂ ട്യൂബില്‍ 1.5 മില്യണ്‍ പേരും പിന്തുടരുന്ന ഗായകനാണ് ഹീറോ ആലം. ഇദ്ദേഹത്തിന്‍റെ പാട്ടുകളെ കുറിച്ച് പരാതി ലഭിച്ചതോടെയാണ് ഇനി പാടരുതെന്ന് പൊലീസ് താക്കീത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. രബീന്ദ്രനാഥ ടാഗോറിന്‍റെയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്‍ലാമിന്റേയും കൃതികള്‍ പാടി വികൃതമാക്കി എന്നാണ് പരാതി. പൊലീസ് തന്നെ വിളിപ്പിച്ച് ഗായകനാകാന്‍ യോഗ്യനല്ലെന്ന് മാപ്പ് അപേക്ഷ ഒപ്പിട്ടുവാങ്ങിയെന്ന് ആലം പറയുന്നു.

'രാവിലെ ആറു മണിക്ക് പൊലീസ് എന്നെ കൂട്ടിക്കൊണ്ടുപോയി. പൊലീസ് സ്‌റ്റേഷനില്‍ എട്ടു മണിക്കൂര്‍ പിടിച്ചുനിര്‍ത്തി. ഞാന്‍ എന്തുകൊണ്ടാണ് ടാഗോറിന്റേയും നസ്‌റുലിന്റേയും കവിതകള്‍ ആലപിക്കുന്നത് എന്ന് ചോദിച്ചു'- എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹീറോ ആലം പറഞ്ഞു.

എന്നാല്‍ ധാക്ക പൊലീസ് ആരോപണങ്ങള്‍ നിഷേധിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. അതേസമയം ഹീറോ ആലമിന്റെ ആരാധകര്‍ പൊലീസിനെതിരെ രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തെ പൊലീസ് അടിച്ചമര്‍ത്തുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

Related Tags :
Similar Posts