ഖുർആൻ കത്തിക്കാന്‍ ആഹ്വാനം; സ്വീഡനിൽ പ്രതിഷേധം ശക്തമാകുന്നു
|നോർകോപിങ്, ലിങ്കോപിങ് നഗരങ്ങളിലുണ്ടായ പ്രതിഷേധ റാലിക്ക് നേരെ പൊലീസ് വെടിയുതിർത്തു
സ്വീഡന്‍: ഖുർആൻ പ്രതികൾ കത്തിക്കാനുള്ള ഡെന്മാർക്ക് സ്വീഡിഷ് രാഷ്ട്രീയ പാർട്ടി നേതാവിന്‍റെ ആഹ്വാനത്തെ തുടർന്ന് സ്വീഡനിൽ പ്രതിഷേധം ശക്തമാകുന്നു. നോർകോപിങ്, ലിങ്കോപിങ് നഗരങ്ങളിലുണ്ടായ പ്രതിഷേധ റാലിക്ക് നേരെ പൊലീസ് വെടിയുതിർത്തു. പൊലീസ് അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നാൽപതോളം പ്രതിഷേധക്കൊരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡെന്മാർക്ക് സ്വീഡിഷ് രാഷ്ട്രീയ പാർട്ടി നേതാവ് റാസ്മസ് പാലുഡൻ ഖുർആൻ കത്തിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. സ്വീഡനിലെ വിവിധ സ്ഥലങ്ങളിൽ നാല് ദിവസമായി പ്രതിഷേധം തുടരുകയാണ്. നോർകോപിങ്, ലിങ്കോപിങ് നഗരങ്ങളിലെ പ്രതിഷേധ റാലികളിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. പ്രതിഷേധ റാലിയ്ക്ക് നേരെ മുന്നറിയിപ്പില്ലാതെ പൊലീസ് വെടിയുതിർത്തത് വലിയ സംഘർഷത്തിനിടയാക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർക്ക് പരിക്കേറ്റു. മൽമോ നഗരത്തിൽ പ്രതിഷേധക്കാർ ബസുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു.
വിവിധ നഗരങ്ങളിലായി 40പേരെ അറസ്റ്റ് ചെയ്തതായി സ്വീഡിഷ് പൊലീസ് അറിയിച്ചു. തെക്കൻ സ്വീഡനിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സൗദിയുൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ സ്വീഡൻ അധികൃതരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കണമെന്നും വിദ്വേഷം , തീവ്രവാദം, വംശീയത എന്നിവയെ തള്ളിക്കളയണമെന്നും സൗദി ആവശ്യപ്പെട്ടു. സ്വീഡനിലെ ചില തീവ്രവാദികളുടെ ഖുർആൻ നിന്ദയും മുസ്ലിംകൾക്കെതിരായ പ്രകോപന നടപടികളും അപകടകരമാണെന്ന് യു.എ.ഇ മുന്നറിയിപ്പ് നൽകി.