
ഇസ്‌ലാമാബാദിൽ ചാവേര്‍സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു
|ഇസ്‌ലാമാബാദിലെ ജി-11 ഏരിയയിലെ ജില്ലാ കോടതി കെട്ടിടത്തിന് പുറത്ത് കാറിലാണ് സ്ഫോടനമുണ്ടായത്
ലാഹോര്‍: പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇസ്‌ലാമാബാദിലെ ജി-11 ഏരിയയിലെ ജില്ലാ, സെഷൻസ് കോടതി കെട്ടിടത്തിന് പുറത്ത് കാറില്‍, ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനം. കോടതിയുടെ പ്രവേശന കവാടത്തിന് സമീപമായിരുന്നു പൊട്ടിത്തെറിച്ച കാര്‍. ചാവേർ സ്ഫോടനം എന്നാണ് പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും സംഭവത്തെ വിശേഷിപ്പിച്ചത്.
സ്ഫോടനത്തില്‍ കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടു.
എന്ത് തരത്തിലുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറൻസിക് റിപ്പോർട്ടിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോരപുരണ്ട നിരവധിപേർ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.