< Back
World
turkey earthquake

തുര്‍ക്കി ദുരന്തഭൂമിയില്‍ നിന്ന്

World

ഭയാനകമായ അനുഭവം;ഭൂകമ്പത്തിൽ നിന്നുള്ള പരിക്കുകൾ യുദ്ധത്തെക്കാൾ വിനാശകരമാണെന്ന് സിറിയൻ ഡോക്ടർ

Web Desk
|
9 Feb 2023 9:10 AM IST

ഇതൊരു വലിയ ദുരന്തമാണ്. ഷെല്ലാക്രമണത്തെയും കൂട്ടക്കൊലകളെയും ഞാന്‍ അതിജീവിച്ചിട്ടുണ്ട്

ദമാസ്കസ്: ഭൂകമ്പത്തിൽ നിന്നുള്ള പരിക്കുകൾ യുദ്ധത്തെക്കാൾ വിനാശകരമാണെന്ന് സിറിയന്‍ അതിര്‍ത്തിയിലുള്ള ബാബ് അൽ ഹവ ആശുപത്രിയിലെ സര്‍ജന്‍ ഡോക്ടർ മുഹമ്മദ് സിത്തൂൺ. ഇത് തികച്ചും വ്യത്യസ്തവും ഭയാനകവുമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


''ഇതൊരു വലിയ ദുരന്തമാണ്. ഷെല്ലാക്രമണത്തെയും കൂട്ടക്കൊലകളെയും ഞാന്‍ അതിജീവിച്ചിട്ടുണ്ട്. പക്ഷെ ഇത് തികച്ചും വ്യത്യസ്തവും ഭയാനകവുമായ അനുഭവമാണ്'' സിത്തൂണ്‍ പറയുന്നു. ഭൂകമ്പം ഉണ്ടായപ്പോള്‍ മുതല്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചയാളാണ് അലപ്പോയില്‍ നിന്നുള്ള 34കാരനായ സിത്തൂണ്‍. സിത്തൂണ്‍ വർഷങ്ങളോളം സിറിയൻ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് പരിക്കേറ്റവരുടെ എണ്ണവും അവരുടെ പരിക്കുകളും നോക്കുമ്പോള്‍ ഒന്നുമല്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഒരു പ്രതിപക്ഷ നിയന്ത്രണത്തിലുള്ള എൻക്ലേവിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.



ദുരന്തത്തില്‍ പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞുവെന്നും ഇത് ലഭ്യമായ മെഡിക്കല്‍ സംവിധാനത്തിന് അപ്പുറമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. ''ഔട്ട്‌പേഷ്യന്‍റ് ക്ലിനിക്ക് ഒരു വാർഡാക്കി മാറ്റി, തറയിൽ മെത്തകൾ നിരത്തി, ഇരകളെയും നിരാശരായ കുടുംബാംഗങ്ങളെയും കൊണ്ട് മുറികൾ നിറഞ്ഞു.ഷെല്ലിംഗ്, വ്യോമാക്രമണം എന്നിവ മൂലം പരിക്കേറ്റവര്‍ ഒന്നിനു പിറകെ ഒന്നായി എത്താറുണ്ട്. എന്നാല്‍ ഭൂകമ്പം മൂലം ഒരു ദിവസം 500 ഓളം പേരാണ് ആശുപത്രിയിലെത്തിയത്. തലയ്ക്ക് ക്ഷതമേറ്റവരും ചതവുകളും ഒടിവുകളും ഉണ്ടായവരും ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റവരും ആശുപത്രിയിലെത്തി'' സിത്തൂണ്‍ ദുരന്തത്തെക്കുറിച്ച് വിശദീകരിച്ചു.



പരിക്കേറ്റവരില്‍ പലരും ദുരന്തം മൂലമുണ്ടായ മാനസികാഘാതം, ഹൃദയസ്തംഭനം അല്ലെങ്കിൽ രക്തസ്രാവം എന്നിവയുടെ ഫലമായി ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മരിക്കുന്നു. കടുത്ത തണുപ്പിനെ അതിജീവിച്ച് പതിനൊന്നോ പന്ത്രണ്ടോ മണിക്കൂർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞവരാണ് ഇവര്‍. തകർന്ന പ്രദേശത്തുടനീളമുള്ള ചില ആശുപത്രികളിൽ, മുറ്റങ്ങൾ താൽക്കാലിക മോര്‍ച്ചറികളാക്കി മാറ്റി. അവിടെ അവിടെ മരിച്ചവരെ ബോഡി ബാഗുകളുടെ നിരയിൽ കിടത്തുകയും ആളുകൾ അവരുടെ ബന്ധുക്കളെ തിരയുകയും ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്. സമീപ പട്ടണമായ ബെസ്‌നയയിൽ 150 കുടുംബങ്ങൾക്ക് ജീവന്‍ നഷ്ടപ്പെടുകയും ജൻദാരിസ് പട്ടണത്തിൽ 89 കെട്ടിടങ്ങൾ തകർന്നു വീഴുകയും നൂറുകണക്കിന് ആളുകൾ മരിക്കുകയും ചെയ്തു.തുർക്കിയുടെ അതിർത്തി അടച്ചതിനാൽ ആശുപത്രിയിലെ എമർജൻസി ടീമുകളിൽ ആന്‍റിബയോട്ടിക്കുകൾ, മയക്കമരുന്നുകൾ, ശസ്ത്രക്രിയാ സാമഗ്രികൾ, ബ്ലഡ് ബാഗുകൾ, ബാൻഡേജുകൾ, ഡ്രിപ്പുകൾ എന്നിവ തീർന്നുപോയതായി സിത്തൂണ്‍ പറഞ്ഞു.

Similar Posts