< Back
World
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കരുത്, അവരെ പഠിക്കാൻ പറഞ്ഞയക്കണം; താലിബാൻ നേതാവ്
World

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കരുത്, അവരെ പഠിക്കാൻ പറഞ്ഞയക്കണം; താലിബാൻ നേതാവ്

Web Desk
|
21 Jan 2025 12:35 PM IST

സ്ത്രീകളെയും പെൺകുട്ടികളെയും വനിതാ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും മാത്രമേ ചികിത്സിക്കാൻ പാടുള്ളുവെന്ന് ഭരണകൂടം നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു

കാബൂൾ: ​പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കരുതെന്നും വിദ്യാഭ്യാസം നിഷേധിക്കുന്നതിന് ഒരു ന്യായവും ഇല്ലെന്നും താലിബാൻ നേതാവ്. മദ്രസയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുന്നതിനിടയിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിലെ പൊളിറ്റിക്കൽ സെക്രട്ടറികൂടിയായ ഷേർ അബ്ബാസ് സ്താനിക്സായുടെ പരാമർശം.

നിലവിൽ ആറാം ക്ലാസിന് ശേഷം സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം വിലക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ സ്ത്രീകൾക്കുള്ള മെഡിക്കൽ പരിശീലനവും കോഴ്‌സുകളും അധികൃതർ നിർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താലിബാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വനിതാ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും മാത്രമേ ചികിത്സിക്കാൻ പാടുള്ളുവെന്ന നിർദേശവും ഉണ്ടായതായി റി​പ്പോർട്ടുകളുണ്ടായിരുന്നു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമേർപ്പെടുത്തിയ വിദ്യാഭ്യാസ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം വിദ്യാഭ്യാസ വിലക്കിന് ഒരു ന്യായീകരണവുമില്ലെന്നും പറഞ്ഞു. ‘സ്ത്രീകൾക്ക് മുന്നിൽ വിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറന്നിടണമെന്ന് ഞാൻ നേതൃത്വത്തോട് ആവശ്യപ്പെടുന്നു. പ്രവാചകന്റെ കാലത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കുമായാണ് വിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറന്നിട്ടത്. ഇന്ന് 40 ദശലക്ഷം വരുന്ന ജനസംഖ്യയിലെ പകുതി ആളുകളോട് നമ്മൾ അനീതി കാണിക്കുകയാണ്. അവരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്നു. ഇത് ഇസ്‍ലാമിക നിയമമല്ല. വ്യക്തിപരമായ തീരുമാനങ്ങൾ മാത്രമാണെന്നും അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.’ സ്ത്രീകളും പെൺകുട്ടികളും വിദ്യാഭ്യാസത്തിന് അർഹരാണെന്ന് നേരത്തെയും ഇദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

Related Tags :
Similar Posts