< Back
World
അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍; 65 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി
World

അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍; 65 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി

Web Desk
|
11 Aug 2021 7:15 AM IST

അഫ്ഗാന്‍ സര്‍ക്കാരിന് ആവശ്യമായ സഹായം നല്‍കുമെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തി.

അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈക്കലാക്കി താലിബാന്‍. അഞ്ച് ദിവസത്തിനിടെ എട്ട് പ്രദേശങ്ങളാണ് താലിബാന്റെ പിടിയിലായത്. ഇതോടെ അഫ്ഗാന്റെ 65 ശതമാനം പ്രദേശവും താലിബാന്റെ കൈകളിലായി.

ഏറ്റവുമൊടുവില്‍ ഫറാഹ്, പുലേ കുംരി എന്നീ രണ്ട് പ്രദേശങ്ങളാണ് അഫ്ഗാനില്‍ താലിബാന്‍ കൈക്കലാക്കിയത്. ഇവിടങ്ങളില്‍ താലിബാന്‍ ആക്രമണം അഴിച്ചുവിടുകയാണ്. പ്രദേശത്തെ പൊലീസ് ആസ്ഥാനവും ഗവര്‍ണറുടെ ഓഫീസും താലിബാന്‍ കയ്യടക്കിക്കഴിഞ്ഞു. ഇവിടത്തെ സെന്‍ട്രല്‍ ജയിലും വരുതിയിലാക്കിയിട്ടുണ്ട്. അഫ്ഗാന്‍ സൈന്യവുമായി രണ്ട് മണിക്കൂറോളം ഏറ്റുമുട്ടിയാണ് പുലേ കുംരി പ്രദേശം കൈക്കലാക്കിയത്.

വിഷയത്തില്‍ അഫ്ഗാന്‍ സര്‍ക്കാരിന് വേണ്ട സഹായം നല്‍കുമെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തി. എന്നാല്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനം മാറ്റില്ലെന്നും പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ആയിരക്കണക്കിന് അമേരിക്കക്കാരെയാണ് താലിബാന്‍ കൊന്നതെന്നും ബൈഡന്‍ പറഞ്ഞു. താലിബാന് സഹായം നല്‍കുന്നതില്‍ നിന്ന് പാകിസ്താന്‍ പിന്മാറണമെന്ന് പെന്‍റഗണും ആവശ്യപ്പെട്ടു.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്കായുള്ള രാജ്യാന്തര സമിതി യോഗം ഇന്ന് ദോഹയില്‍ നടക്കും. റഷ്യ, ചൈന, പാക്കിസ്ഥാന്‍ രാജ്യങ്ങളിലെ പ്രതിനിധികളും അമേരിക്ക നിയോഗിച്ച അഫ്ഗാന്‍ സമാധാന ദൂതനും ചര്‍ച്ചയില്‍ പങ്കെടുക്കും.

Similar Posts