
ആയിശ മകന്‍റെ ചിത്രവുമായി
''അവന്‍ രക്തസാക്ഷിത്വത്തിനു വേണ്ടി കൊതിച്ചു, അവനത് കിട്ടി, നിങ്ങള്‍ കരയരുത്'': സാലിഹ് അല്‍ ആറൂരിയുടെ മാതാവ്
|ചൊവ്വാഴ്ചയാണ് ആയിശയുടെ മകനും ഹമാസ് നേതാവുമായ സാലിഹ് അല്‍ ആറൂരിയെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്
വെസ്റ്റ്‍ബാങ്ക്: ''നിങ്ങള്‍ എന്തിനാണ് കരയുന്നത്? കരയരുത്. ഒരു പെട്ടി മധുരപലഹാരങ്ങൾ കൊണ്ടുവന്ന് ആളുകൾക്ക് വിതരണം ചെയ്യുക'' സ്വര്‍ണനിറത്തില്‍ ഫ്രെയിം ചെയ്ത മകന്‍റെ ഫോട്ടോ മടിയില്‍ വച്ചുകൊണ്ട് 81കാരിയായ ആയിശ അല്‍ ആറൂരി പറഞ്ഞു. മകനെ ഓര്‍ത്തു കരയുന്ന ഗ്രാമത്തിലെ സ്ത്രീകളോട് അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു. ''അവന്‍ രക്തസാക്ഷിത്വത്തിനു വേണ്ടി കൊതിച്ചു, അവനത് കിട്ടി'' വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പിയോട് ആയിശ ഇങ്ങനെ പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ കണ്ണീരോ...പ്രായാധിക്യത്താല്‍ ചുളിഞ്ഞ മുഖത്ത് നിരാശയോ സങ്കടമോ ഉണ്ടായിരുന്നില്ല.
ചൊവ്വാഴ്ചയാണ് ആയിശയുടെ മകനും ഹമാസ് നേതാവുമായ സാലിഹ് അല്‍ ആറൂരിയെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ വേനൽക്കാലത്ത് സൗദി അറേബ്യയിൽ വെച്ച് ആറൂരിയെ നേരിട്ട് കണ്ടതിന് ശേഷം ഇസ്രായേലി ഇന്‍റലിജൻസ് തന്നെ ചോദ്യം ചെയ്തിരുന്നുവെന്ന് സഹോദരി ദലാൽ അൽ-അരൂരി എഎഫ്‌പിയോട് പറഞ്ഞു. ഒക്ടോബര്‍ 7നാണ് അവസാനമായി സാലിഹ് അല്‍ ആറൂരിയോട് സംസാരിച്ചത്. തനിക്ക് സുഖമാണെന്നും തെക്കന്‍ ഇസ്രായേലില്‍ ഹമാസ് റെയ്ഡ് ആരംഭിച്ചതായും അദ്ദേഹം സഹോദരിയോട് പറഞ്ഞിരുന്നു. എന്നാല്‍ സഹോദരന്‍റെ മരണവാര്‍ത്ത അറിഞ്ഞതിനു ശേഷം ഫോണില്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ദലാല്‍ കണ്ണീരോടെ പറയുന്നു.
ഒലിവ് തോട്ടങ്ങളും പച്ചപുതച്ച ടെറസ് ഫാമുകളും നിറഞ്ഞ അരൂര ഗ്രാമം ആറൂറിയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ ദുഃഖത്തില്‍ മുങ്ങി. വെസ്റ്റ്ബാങ്കില്‍ പ്രതിഷേധം അലയടിച്ചു. ഏകദേശം 5,000 ആളുകള്‍ താമസിക്കുന്ന ഗ്രാമത്തില്‍ പൊതുപണിമുടക്കിനെ തുടര്‍ന്ന് കടകള്‍ അടച്ചു. ആളൊഴിഞ്ഞ തെരുവുകളിലെ ഏക മനുഷ്യസാന്നിധ്യം ചാനല്‍ സംഘങ്ങളായിരുന്നു. ഹമാസ് അനുകൂലികള്‍ ഫലസ്തീന്‍ പതാകകള്‍ വീശിയാണ് കൊലപാതകത്തില്‍ പ്രതിഷേധിച്ചത്. അരൂരയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ തെക്ക് റാമല്ല വരെ പ്രതിഷേധം നീണ്ടു. അരൂരിയുടെ ബന്ധുക്കളിൽ ചിലർ അദ്ദേഹത്തിന്റെ മരണം 'ബെൻസീൻ കത്തുന്നതുപോലെ' പ്രവർത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനിച്ചുവളര്‍ന്ന നാട്ടിലെത്തിയിട്ട് ഒരു ദശാബ്ദത്തിലേറെയായെങ്കിലും ആറൂറിയെ പിന്തുണക്കുന്ന ഒരു സംഘം തന്നെ ഗ്രാമത്തിലുണ്ടായിരുന്നു. ഏകദേശം 20 വർഷത്തോളം ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞ അദ്ദേഹം 2010ലാണ് മോചിതനാകുന്നത്. ജയില്‍മോചിതനായ ശേഷമാണ് ആറൂറി വിവാഹിതനായതെന്ന് ആയിശ പറഞ്ഞു.
ഒക്ടോബർ 7 ആക്രമണത്തിന് ശേഷം, ഇസ്രായേൽ സൈന്യം ആറൂരിയുടെ ഗ്രാമം റെയ്ഡ് ചെയ്യുകയും അമ്മയുടെ വീടിന് അടുത്തുള്ള ഒഴിഞ്ഞ ബഹുനില വീട് തകർക്കുകയും ചെയ്തു. "ഇത് സലേഹ് അൽ-ആറൂറിയുടെ വീടായിരുന്നു, അബു അൽ-നിമറിന്‍റെ ആസ്ഥാനമായി മാറി" തകര്‍ന്ന വീടിനു പുറത്ത് ഇസ്രായേല്‍ സൈന്യം ഇങ്ങനെ എഴുതിയ ഒരു ബാനറും തൂക്കി. ആറൂറിയുടെ അനന്തരവന്‍ മജീദ് സുലൈമാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ബാനറിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. സൈന്യം പോയശേഷം ബാനർ വലിച്ചുകീറുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു.ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷം ഇസ്രായേല്‍ സൈന്യം ആറൂറിയുടെ കുടുംബത്തിലെ ചിലരെ തടഞ്ഞുവച്ചിരുന്നു. “ഞങ്ങൾക്ക് ഞെട്ടലും ദേഷ്യവും സങ്കടവും തോന്നുന്നു,” അരൂരിയുടെ കൊലപാതക വാർത്തയെ പരാമർശിച്ച് സുലൈമാൻ എഎഫ്‌പിയോട് പറഞ്ഞു.
ഹമാസ് പ്രസ്ഥാനത്തിലെ രണ്ടാമനായിട്ടാണ് ആറൂരി അറിയപ്പെട്ടത്. രാജ്യത്തിനെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനെന്ന് ഇസ്രായേൽ ആരോപിക്കപ്പെടുന്ന ആറൂറി 2017ലാണ് ഹമാസിന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേല്‍ ആറൂരിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷം ഇസ്രായേല്‍ സൈന്യം ആറൂറിയെ നോട്ടമിട്ടിരുന്നു.