< Back
World
കൊച്ചി മരട് വെടിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഉത്സവകമ്മിറ്റി
World

കൊച്ചി മരട് വെടിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഉത്സവകമ്മിറ്റി

Web Desk
|
16 Feb 2024 7:26 AM IST

തൃപ്പൂണിത്തുറ സ്ഫോടനത്തിൻറെ പശ്ചാത്തലത്തിലാണ് വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്

എറണാകുളം: കൊച്ചി മരട് വെടിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഉത്സവകമ്മിറ്റി. തൃപ്പൂണിത്തുറ സ്ഫോടനത്തിൻറെ പശ്ചാത്തലത്തിലാണ് വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. ആചാരം മുടങ്ങാതിരിക്കാൻ നിയന്ത്രിത തോതിലെങ്കിലും വെടിക്കെട്ടിന് അനുമതി നൽകണമെന്നാണ് മരട് കൊട്ടാരം ഭഗവതി ക്ഷേത്രോത്സവ കമ്മിറ്റിയുടെ ആവശ്യം.

ജനവാസ മേഖലയിൽ വെടിക്കെട്ട് നടത്തിയാൽ അപകടത്തിന് സാധ്യതയുണ്ടന്ന പോലീസ്,റവന്യൂ, അഗ്നി രക്ഷാസേന വിഭാഗങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചതും 2008ലെ മരട് വെടിക്കെട്ട് ദുരന്തത്തിൽ മൂന്നുപേർ മരിച്ചതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന വെടിക്കെട്ടിന് ഇത്തവണയും അനുമതി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുറ്റിങ്ങൽ ദുരന്തത്തെ തുടർന്ന് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയപ്പോൾ നിയന്ത്രിത തോതിൽ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. അതിനാൽ ആചാരം തടസ്സപ്പെടാതിരിക്കാൻ നിയന്ത്രിത തോതിലെങ്കിലും വെടിക്കെട്ടിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉത്സവ കമ്മിറ്റി.

Related Tags :
Similar Posts