
'തർക്കത്തിൽ ഇടപെടാനില്ല'; ഇന്ത്യ-പാക് സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക
|പാകിസ്താന് നൽകിയ തിരിച്ചടിയുടെ വിശദാംശങ്ങൾ വിവരിക്കാൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന് നടക്കും
വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടാനില്ലെന്ന് അമേരിക്ക. 'ഇത് അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലെന്ന്' യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു വാൻസിന്റെ പ്രതികരണം.
'ശാന്തരാകാൻ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അടിസ്ഥാനപരമായി അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ ഇടപെടാൻ പോകുന്നില്ല. ഇരു രാജ്യങ്ങളോടും ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ല. സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് നീങ്ങില്ലെന്നാണ് പ്രതീക്ഷ'-വാൻസ് പറഞ്ഞു.
അതിനിടെ അതിർത്തിയിൽ പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിച്ചു. അതിർത്തി കടന്ന പാക് ഡ്രോണുകൾ തകർത്തു. പാക് തലസ്ഥാനം ഉൾപ്പെടെ ആക്രമിച്ചു. എഫ് - 16, ജെഎഫ് - 17 യുദ്ധവിമാനങ്ങളും തകർത്തു. രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
പാകിസ്താന് നൽകിയ തിരിച്ചടിയുടെ വിശദാംശങ്ങൾ വിവരിക്കാൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന് നടക്കും. രാവിലെ 10 മണിക്കാണ് മാധ്യമങ്ങളെ കാണുന്നത്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സൈനിക മേധാവിമാരുൾപ്പെടെ പങ്കെടുക്കും.