
ഗസ്സയില്‍ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
|ഗസ്സയിലെ ആക്രമണം വിപുലീകരിക്കാനും തകര്‍ന്നതും പട്ടിണി ബാധിച്ചതുമായ പ്രദേശങ്ങളിലേക്കുള്ള സഹായ വിതരണമടക്കം ഏറ്റെടുക്കാനുമുള്ള പദ്ധതി ഇസ്രായേലിലെ രാഷ്ട്രീയ, സൈനിക നേതാക്കള്‍ അംഗീകരിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.
തെല്‍ അവീവ്: ഉപരോധിക്കപ്പെട്ട ഗസ്സയിലെ പുതിയ ആക്രമണം ഹമാസിനെ പൂര്‍ണമായും പരാജയപ്പെടുത്താനുള്ള തീവ്രമായ സൈനിക നടപടിയായിരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എത്രത്തോളം പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന കാര്യത്തില്‍ വ്യക്ത വരുത്തിയിട്ടില്ല.
ഗസ്സയിലെ ഫലസ്തീനികളെ സുരക്ഷയ്ക്കു വേണ്ടി മാറ്റിപാര്‍പ്പിക്കുമെന്നും നെതന്യാഹു അറിയിച്ചു. ഗസ്സ ആക്രമണം വിപുലീകരിക്കുന്നതിനുള്ള പദ്ധതി അഭിസംബോധന ചെയ്ത് തിങ്കളാഴ്ച എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പരാമര്‍ശം.
ഇസ്രായേല്‍ പട്ടാളം റെയ്ഡുകള്‍ നടത്തി തിരിച്ചു വരിക എന്നതല്ല മറിച്ച് പൂര്‍ണമായും അധികാരം സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയിലെ ആക്രമണം വിപുലീകരിക്കാനും തകര്‍ന്നതും പട്ടിണി ബാധിച്ചതുമായ പ്രദേശങ്ങളിലേക്കുള്ള സഹായ വിതരണമടക്കം ഏറ്റെടുക്കാനുമുള്ള പദ്ധതി ഇസ്രായേലിലെ രാഷ്ട്രീയ, സൈനിക നേതാക്കള്‍ അംഗീകരിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ഫലസ്തീനു മേലുള്ള ഇസ്രായേല്‍ ഉപരോധത്തില്‍ ദുരിതമനുഭവിക്കുന്ന 2.3 ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് സുപ്രധാന സഹായങ്ങളും നല്‍കുന്നതിന് ഇസ്രായേല്‍ സൈന്യത്തെ ചുമതലപ്പെടുത്താനും, റിസര്‍വ് സൈനികരെ വിളിക്കാനുമുള്ള പദ്ധതികള്‍ക്ക് നെതന്യാഹുവിന്റെ മന്ത്രിസഭ ഐക്യകണ്ഠേന അംഗീകാരം നല്‍കി.
ഫലസ്തീനില്‍ പതിനെട്ട് മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ആയിരക്കണക്കിന് കുട്ടികളുള്‍പ്പടെ 52,000 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 1,20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.