
ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്നു; തെൽഅവീവിൽ ഇറാന്റെ മിസൈൽ ആക്രമണം
|യുഎസ് ദേശീയ സുരക്ഷാ കൗൺസിലിൽ ഇറാനെതിരെ രംഗത്തിറങ്ങാൻ അമേരിക്ക തീരുമാനിച്ചതായി റിപ്പോർട്ടുകൾ
തെഹാറാൻ: ഇറാൻ ഇസ്രായേൽ സംഘർഷം അഞ്ചാം ദിവസവും രൂക്ഷമായി തുടരുന്നു. തെൽഅവീവിൽ നാശം വിതച്ച് ഇറാന്റെ മിസൈലാക്രമണം നടന്നു. അതേസമയം, തെഹ്‌റാനെതിരെ ആക്രമണം തുടരുന്നതായി ഇസ്രായേൽ സേനയും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ചേർന്ന യു എസ് ദേശീയ സുരക്ഷ സമിതി യോഗത്തിൽ ഇറാനെതിരെ രംഗത്തിറങ്ങാൻ അമേരിക്കയും തീരുമാനിച്ചതായാണ് വിവരം. ഇതോടെ മേഖല ഭയാശങ്കയിലാണ്.
അമേരിക്ക യുദ്ധത്തിന്റെ ഭാഗമായി മാറുമെന്ന ആശങ്കയ്ക്കിടെയാണ്, ഇസ്രായേലിന് നേർക്ക് ഇന്ന് പുലർച്ചെയുള്ള ഇറാന്റെ മിസൈൽ ആക്രമണം. ഇറാനിലെ യുദ്ധം രണ്ടാഴ്ചക്കകം ലക്ഷ്യം കാണുമെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. ഇറാനിൽ നിന്നുള്ള ആക്രമണത്തിന്റെ വീര്യം കുറഞ്ഞെന്നും മിസൈൽ ലോഞ്ചറുകൾ ഭൂരിഭാഗവും തകർത്തതാണ് കാരണമെന്നും ഐഡിഎഫ് അവകാശപ്പെട്ടു. ഇറാന്റെ 40% ബാലിസ്റ്റിക് മിസൈലുകളും തകർത്തെന്നും ഇസ്രായേൽ അവകാശവാദമുന്നയിച്ചു.
യുഎസ് അക്രമണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഹൊർമൂസ് കടലിടുക്കിലെ യുഎസ് കപ്പലുകൾ ആക്രമിക്കാൻ ഇറാനും ഒരുങ്ങിയതായി റിപ്പോർട്ടുകൾ. യുഎസ് കപ്പലുകൾക്കു നേരെ മൈനുകൾ ഉപയോഗിച്ചേക്കുമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ മുഴുവൻ യുഎസ് താവളങ്ങളിലും കനത്ത ജാഗ്രത പാലിക്കാനും ഒരുങ്ങിയിരിക്കാനും നിർദേശം നൽകിയതായി യുഎസ് ഉദ്യോസ്ഥൻ വ്യക്തമാക്കുന്നു.
അതേസമയം, ഇറാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളും ഊർജ്ജിതം. അർമേനിയിൽ എത്തിയ 110 വിദ്യാർഥികളെ ഇന്ന് ഡൽഹിയിലെത്തിച്ചേക്കും. ഇസ്രായേലിൽ നിന്നും മടങ്ങാൻ ഒരുങ്ങുന്നവർ കരമാർഗം മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്ന് ഇന്ത്യൻ എംബസി.