< Back
World
ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയവും തകർത്ത് ഇസ്രായേൽ; രണ്ടുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന പള്ളിയുടെ നേരത്തെയുള്ള ചിത്രം

World

ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയവും തകർത്ത് ഇസ്രായേൽ; രണ്ടുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Web Desk
|
17 July 2025 4:02 PM IST

ഫലസ്തീനിലെ ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് അന്തരിച്ച പോപ് ഫ്രാൻസിസ് മാർപ്പാപ്പയെ അറിയിച്ചു കൊണ്ടിരുന്ന ഇടവക വികാരിയായ ഫാദർ ഗബ്രിയേലെ റോമനെല്ലിയുടെ കാലിനും പരിക്കേറ്റതായി ഇറ്റാലിയൻ ന്യൂസ് ഏജൻസി പറഞ്ഞു

ഗസ്സ സിറ്റി: ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയവും ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തു. ഗസ്സയിൽ സ്ഥിതിചെയ്യുന്ന പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിലെ ഡോക്ടർമാരാണ് വിവരം പുറത്തുവിട്ടത്.ഏക കത്തോലിക് പള്ളിയായ ഹോളി ഫാമിലി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. അതേസമയം, ആറുപേർക്ക് ഗുരുതര പരിക്കേറ്റതായി ഇറ്റാലിയൻ ന്യൂസ് ഏജൻസിയായ എഎൻഎസ്എ വ്യക്തമാക്കി. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് അന്തരിച്ച പോപ് ഫ്രാൻസിസ് മാർപ്പാപ്പയെ അറിയിച്ചു കൊണ്ടിരുന്ന ഇടവക വികാരിയായ ഫാദർ ഗബ്രിയേലെ റോമനെല്ലിയുടെ കാലിനും പരിക്കേറ്റതായി ഏജൻസി പറഞ്ഞു.

അംഗീകരിക്കാനാവാത്ത നടപടിയെന്ന് ആക്രമണത്തെ അപലപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഹോളി ഫാമിലി ചർച്ചിനും കേടുപാടുകൾപറ്റിയിരിക്കുന്നു. മാസങ്ങളായി ഫലസ്തീനിലെ സാധാരണ ജനതക്കു നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല. ഒന്നുകൊണ്ടും അതിനെ ന്യായീകരിക്കാനാവില്ലെന്നും മെലോണിയുടെ പ്രസ്താവനയിൽ പറയുന്നു.

2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ഫലസ്തീനിൽ നടത്തിയ ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഏകദേശം 58000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

Similar Posts