
ലോകത്ത് ആശുപത്രികൾ ഇല്ലാത്ത ഒരേയൊരു രാജ്യം; 96 വർഷത്തിനിടെ ഒറ്റ പ്രസവം പോലുമില്ല
|ആശുപത്രികൾ ഏതൊരു ആധുനിക രാഷ്ട്രത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ്
വത്തിക്കാൻ സിറ്റി: സ്കൂളുകളും ആശുപത്രികളും ഏതൊരു ആധുനിക രാഷ്ട്രത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളിൽ പെട്ടതാണ്. ഒരു ആശുപത്രി പോലും ഇല്ലാത്ത ഒരു രാജ്യം ലോകത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? തീർച്ചയായും അങ്ങനെയൊരു രാജ്യമുണ്ട്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സിറ്റിയാണ് ലോകത്ത് ആശുപത്രികൾ ഇല്ലാത്ത ഒരേയൊരു രാജ്യം. അതിശയകരമെന്നു പറയട്ടെ 96 വർഷമായി വത്തിക്കാൻ സിറ്റിയിൽ ഒരു കുഞ്ഞ് പോലും ജനിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. 1929 ഫെബ്രുവരി 11ന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി രൂപീകരിക്കപ്പെട്ട വത്തിക്കാൻ സിറ്റിയിൽ രാജ്യം രൂപീകൃതമായതിനുശേഷം ഒരു പ്രസവം പോലും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
വത്തിക്കാൻ സിറ്റി പോപ്പിന്റെയും റോമൻ കത്തോലിക്കാ സഭയിലെ മറ്റ് പ്രധാന മതനേതാക്കളുടെയും പുരോഹിതരുടെയും ആസ്ഥാനമാണ്. കൂടാതെ വത്തിക്കാൻ രൂപീകരിച്ചതിനുശേഷം അവിടെ ഒരു ആശുപത്രി പണിയണമെന്ന നിരവധി അഭ്യർത്ഥനകൾ ഉയർന്നിരുന്നുവെങ്കിലും അവയെല്ലാം നിരസിക്കപ്പെട്ടു. വത്തിക്കാൻ സിറ്റി ഇറ്റലിയുടെ തലസ്ഥാന നഗരമായ റോമിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആർക്കെങ്കിലും ആശുപത്രി പരിചരണം ആവശ്യമുള്ള സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം അവരെ ഇറ്റാലിയൻ തലസ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നത്.
118 ഏക്കർ മാത്രം വിസ്തൃതിയുള്ള വത്തിക്കാൻ സിറ്റിയുടെ വലിപ്പവും റോമിലെ ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങളുടെ സാന്നിധ്യവും മാത്രമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. രാജ്യത്ത് ഒരു പ്രസവമുറി പോലും ഇല്ലാത്തതുകൊണ്ടാകാം ഒരു നൂറ്റാണ്ടിനടുത്തായി അവിടെ ഒരു കുഞ്ഞ് പോലും ജനിക്കാത്തത്. വെറും 882 ആളുകൾ മാത്രം താമസിക്കുന്ന വത്തിക്കാൻ സിറ്റിയിൽ ഭൂരിഭാഗവും പുരോഹിതന്മാരും മതനേതാക്കളുമാണ്. രസകരമെന്നു പറയട്ടെ ലോകത്തിലെ ഏറ്റവും ചെറിയ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പയസ് പതിനൊന്നാമൻ മാർപ്പാപ്പയുടെ ഭരണകാലത്താണ് ഇത് നിർമിക്കപ്പെടുന്നത്. 300 മീറ്റർ നീളമുള്ള രണ്ട് ട്രാക്കുകൾ ചരക്ക് ഗതാഗതത്തിനായി മാത്രമാണ് ഉപയോഗിക്കുന്നത്.