
പറന്നുകൊണ്ടിരിക്കെ അപ്രത്യക്ഷ്യമായി; പതിനൊന്ന് വർഷങ്ങൾക്കിപ്പുറവും കണ്ടെത്താത്ത വിമാനത്തിന്റെ കഥ
|മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ചൈനയിലെ ബീജിംഗിൽ എത്തേണ്ടിയിരുന്ന മലേഷ്യ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിട്ടു
ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ചൈനയിലെ ബീജിംഗിൽ എത്തേണ്ടിയിരുന്ന മലേഷ്യ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിട്ടു. ടേക്ക് ഓഫ് ചെയ്ത് വെറും 38 മിനിറ്റിനുള്ളിൽ കാണാതായ വിമാനം എവിടെയാണ് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
2014 മാർച്ച് 8ന് 239 യാത്രക്കാരുമായി പുറപ്പെട്ട MH370 വിമാനത്തിൽ കൂടുതലും ചൈനീസ് പൗരന്മായിരുന്നു. വിമാനം ഷെഡ്യൂൾ ചെയ്തതുപോലെ പുലർച്ചെ 12:42ന് പുറപ്പെട്ടു. അവസാന ആശയവിനിമയം ലഭിക്കുമ്പോൾ വിമാനം 18,000 അടി ഉയരത്തിലെത്തിയിരുന്നു. പുലർച്ചെ 1.20ന് കോക്ക്പിറ്റിൽ നിന്നുള്ള അവസാന സന്ദേശം ലഭിച്ച് ഒരു മിനിറ്റിനുള്ളിൽ MH370 വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. പുലർച്ചെ 1:30ന് മാത്രമാണ് തെക്ക് പടിഞ്ഞാറൻ ഭാഗത്തേക്കും മലായ് പെനിൻസുലയിലേക്കും ഇടയിൽ വിമാനം അപ്രത്യക്ഷമായതായി മനസിലാക്കുന്നത്.
റഡാർ ബന്ധം നഷ്ടപ്പെട്ട തായ്‌ലൻഡ് ഉൾക്കടലിൽ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ തിരച്ചിൽ നടത്തിയിരുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ വ്യജ പാസ്‌പോർട്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് വിമാനം റാഞ്ചിയതാകുമെന്ന സംശയമുണ്ടായി. എന്നാൽ ഒരു വ്യക്തിയോ സംഘമോ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിനാൽ സംശയം സാധുകരിക്കപ്പെട്ടില്ല. മാത്രമല്ല ഇത്തരം വിമാന റാഞ്ചൽ സ്ഥിരീകരിക്കുന്ന തെളിവുകളും ലഭിച്ചില്ല.
വിമാനത്തിന്റെ തിരോധാനത്തിന് ശേഷമുള്ള ആഴ്ചകളിൽ മെക്കാനിക്കൽ തകരാർ മുതൽ പൈലറ്റ് ആത്മഹത്യ ചെയ്തതായി വരെയുള്ള സിദ്ധാന്തങ്ങൾ ഉയർന്നുവന്നു. എന്നാൽ വിമാനം അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റൻ സഹാരി അഹമ്മദ് ഷായിൽ നിന്നോ ഫസ്റ്റ് ഓഫീസർ ഫാരിഖ് അബ്ദുൾ ഹമീദിൽ നിന്നോ ക്യാബിൻ ക്രൂവിന്റെ പെരുമാറ്റത്തിലോ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. എന്നിരുന്നാലും തിരച്ചിൽ തുടർന്നു. ഓസ്‌ട്രേലിയൻ അധികാരികൾ ഉൾപ്പെടെ വർഷങ്ങളായി നിരവധി സംഘങ്ങൾ വിമാനത്തിനായി തിരച്ചിൽ നടത്തിയിട്ടുണ്ട്. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ 120 ചതുരശ്ര കിലോമീറ്ററിൽ മൂന്ന് വർഷം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
അവസാനമായി ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കാണാതായ വിമാനത്തിനായുള്ള തിരച്ചിൽ നടത്തിയത്. എന്നാൽ പതിറ്റാണ്ടുകളായി ആവർത്തിക്കുന്ന പതിവ് ഇത്തവണയും ആവർത്തിച്ചു. തുമ്പൊന്നും കണ്ടെത്താനായില്ല. ഒടുവിൽ തിരച്ചിൽ വീണ്ടും താത്കാലികമായി നിർത്തി. MH370 സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്ന ഒരു പ്രധാന ചോദ്യം ചരിത്രത്തിൽ മറ്റേതൊരു കാലത്തും ഉണ്ടായിട്ടില്ലാത്തത്രയും നിരീക്ഷണത്തിന് ലോകത്തിന്റെ ആകാശം വിധേയമാകുന്ന ആധുനിക യുഗത്തിൽ ഒരു ബോയിംഗ് 777 പോലെ വലിയ വിമാനം എങ്ങനെ അപ്രത്യക്ഷമായി എന്നതാണ്.