< Back
World
The Strait of Hormuz should remain closed mujtaba khamenei
World

'രക്തസാക്ഷികളുടെ ചോരയ്ക്ക് പകരംചോദിക്കും, ഹോര്‍മുസ് അടഞ്ഞുകിടക്കും'; ആദ്യ സന്ദേശത്തില്‍ മുജ്തബ ഖാംനഈ

ശരത് ലാൽ തയ്യിൽ
|
12 March 2026 9:26 PM IST

'അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദത്തിലാണ് ഇറാന്‍ വിശ്വസിക്കുന്നത്. എന്നാല്‍, യുഎസ് താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരും'

തെഹ്‌റാന്‍: രക്തസാക്ഷികളുടെ ചോരയ്ക്ക് പകരംചോദിക്കുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ സന്ദേശത്തില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരും. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണം. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദത്തിലാണ് ഇറാന്‍ വിശ്വസിക്കുന്നതെങ്കിലും യുഎസ് താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ മുജ്തബ ഖാംനഈ വ്യക്തമാക്കി.

'ഇറാന്റെ ശത്രുക്കള്‍ക്ക് മേല്‍ സമ്മര്‍ദം തുടരുന്നതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരും. മേഖലയിലെ എല്ലാ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടന്‍ പൂട്ടണം. അല്ലെങ്കില്‍ അവയ്ക്ക് നേരെയുള്ള ആക്രമണം തുടരും. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദത്തിലാണ് ഇറാന്‍ വിശ്വസിക്കുന്നത്. യുഎസ് കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യംവെക്കൂ. കൊല്ലപ്പെട്ട പരമോന്നത നേതാവിന്റേത് മുതല്‍ കുഞ്ഞുങ്ങള്‍ വരെയുള്ള രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും. രാജ്യം ആക്രമണം നേരിടുമ്പോള്‍ ധീരതയോടെ പൊരുതുന്ന സൈനികര്‍ക്ക് നന്ദി അറിയിക്കുന്നു' -സന്ദേശത്തില്‍ പറഞ്ഞു.

ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ നഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. സാഹചര്യം നേരിടാന്‍ ഇറാന്‍ ജനത ഐക്യത്തോടെ നില്‍ക്കേണ്ടത് ആവശ്യമാണെന്നും മുജ്തബ ഖാംനഈ പറഞ്ഞു.

യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധം 13ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന. ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മകന്‍ മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. ആക്രമണത്തില്‍ മുജ്തബക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar Posts