< Back
World
ലക്ഷക്കണക്കിന് ഗസ്സ നിവാസികൾ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നത് മൂന്ന് ദിവസത്തിലൊരിക്കൽ: ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീൻ ഏജൻസി
World

ലക്ഷക്കണക്കിന് ഗസ്സ നിവാസികൾ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നത് മൂന്ന് ദിവസത്തിലൊരിക്കൽ: ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീൻ ഏജൻസി

Web Desk
|
7 May 2025 3:55 PM IST

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേലിൻ്റെ വംശഹത്യ ഗസ്സയിൽ ഇപ്പോഴും തുടരുകയാണ്

ഗസ്സ: ഫലസ്തീനിൽ ഇസ്രായേൽ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് ഗസ്സ നിവാസികൾ മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമാണ് ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീൻ അഭയാർഥി ഏജൻസി(UNRWA). 'ഗസ്സയിൽ 60,000-ലധികം കുട്ടികൾ പോഷകാഹര കുറവ് അനുഭവിക്കുന്നെണ്ടെന്നും ഏജൻസിയുടെ വക്താവ് അദ്നാൻ അബൂ ഹസ്ന പറഞ്ഞു.

മാർച്ച് തുടക്കം മുതൽ ഇസ്രായേൽ ഗസ്സയുടെ ക്രോസിങ്ങുകൾ പൂർണമായും അടച്ചതിനെ തുടർന്ന് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയുടെ പ്രവേശനം പൂർണമായും നിലച്ചിരിക്കുകയാണ്. ഇത് പ്രദേശത്ത് നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കി. നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരുടെ റിപോർട്ടുകൾ പുറത്ത് വന്നിട്ടും പരിഹാരമൊന്നുമുണ്ടായിട്ടില്ല. ഗസ്സയിലെ സർക്കാർ മാധ്യമ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 57 ഫലസ്തീനികൾ പട്ടിണി മൂലം മരണപ്പെട്ടു. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ഏകദേശം 2.3 ദശലക്ഷം ഫലസ്തീനികൾ പൂർണമായും മാനുഷിക സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

ഉപരോധിക്കപ്പെട്ട പ്രദേശത്ത് സ്വകാര്യ യുഎസ് സുരക്ഷാ കരാറുകാർ വഴി സഹായം വിതരണം ചെയ്യാനുള്ള പദ്ധതിക്ക് ഞായറാഴ്ച രാത്രി ഇസ്രായേലി സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും അവ മാനുഷിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും, പ്രായോഗികമല്ലെന്നും, ഫലസ്തീൻ സിവിലിയന്മാരെയും ജീവനക്കാരെയും അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാണിച്ച് ഐക്യരാഷ്ട്രസഭയും ഡസൻ കണക്കിന് അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളും പദ്ധതി നിരസിച്ചു.

2023 ഒക്ടോബർ 7ന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം, ഏകദേശം 52,500 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും തകർന്ന നഗരങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കാണാതാവുകയും ചെയ്‌തു. യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെടിനിർത്തൽ ലംഘിച്ച് ഇസ്രായേലിൻ്റെ വംശഹത്യ ഗസ്സയിൽ ഇപ്പോഴും തുടരുകയാണ്.

Similar Posts