< Back
World
കഴിഞ്ഞ വർഷം ലോകം അവഗണിച്ച പത്ത് അഭയാര്‍ത്ഥി സമൂഹങ്ങള്‍ ഇവയാണ്; ചിത്രങ്ങള്‍ കാണാം
World

കഴിഞ്ഞ വർഷം ലോകം അവഗണിച്ച പത്ത് അഭയാര്‍ത്ഥി സമൂഹങ്ങള്‍ ഇവയാണ്; ചിത്രങ്ങള്‍ കാണാം

Web Desk
|
27 May 2021 5:47 PM IST

കഴിഞ്ഞ വർഷം മാത്രം 20 ലക്ഷത്തോളം പേരാണ് കോംഗോയിൽ അഭയാര്‍ത്ഥികളായത്. 2.7 കോടി ജനങ്ങളാണ് കോംഗോയിൽ താമസിക്കാൻ ഇടമോ വിശപ്പടക്കാൻ ഭക്ഷണമോ ഇല്ലാതെ ഗതികിട്ടാതെ അലയുന്നത്

ലോകത്തെ മിക്ക പ്രദേശങ്ങളും കോവിഡ് ഭീതിയിൽ ഞെരുങ്ങിക്കഴിയുകയായിരുന്നു കഴിഞ്ഞ വര്‍ഷം. എന്നാല്‍, ലോകത്തിന്‍റെ തന്നെ മറ്റു ചില ഭാഗങ്ങളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ ഇരട്ടി ദുരിതവുമായി കഴിഞ്ഞ ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. കോവിഡിനു മുൻപും അവരുടെ ദുരിതങ്ങൾക്ക് ലോകം ചെവികൊടുക്കാറില്ല. ഇപ്പോൾ കോവിഡ് മഹാമാരിയെത്തുടർന്ന്, ലഭിച്ചുകൊണ്ടിരുന്ന രാജ്യന്തര സഹായങ്ങളുടെ വരവും കുറഞ്ഞിരിക്കുകയാണ്. അഭയാർത്ഥി സമൂഹങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന നോർവീജിയൻ റെഫ്യൂജി കൗൺസിൽ(എൻആർസി) പുറത്തുവിട്ട പുതിയ റിപ്പോർട്ടാണ് പട്ടിണിയും ദുരിതവുമായി കഴിയുന്ന ആ പത്തുരാജ്യങ്ങളെക്കുറിച്ച് പറയുന്നത്.

കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും അവഗണിക്കപ്പെട്ട മനുഷ്യരാണ് ആഫ്രിക്കൻ രാജ്യമായ കോംഗോയിൽനിന്ന് പുറന്തള്ളപ്പെട്ട ദശലക്ഷങ്ങൾ. കഴിഞ്ഞ വർഷം മാത്രം 20 ലക്ഷത്തോളം പേരാണ് കോംഗോയിൽ അഭയാര്‍ത്ഥികളായത്. ഇതടക്കം 2.7 കോടി ജനങ്ങളാണ് കോംഗോയിൽ താമസിക്കാൻ ഇടമോ വിശപ്പടക്കാൻ ഭക്ഷണമോ ഇല്ലാതെ ഗതികിട്ടാതെ അലയുന്നത്. അടുത്ത നേരത്തെ അന്നം എവിടെനിന്നു വരുമെന്നറിയാതെ കൊടിയ പട്ടിണിയിൽ കഴിയുന്ന ഈ അഭയാർത്ഥി ജീവിതങ്ങളിൽ 30 ലക്ഷത്തോളം പേർ കുട്ടികളാണെന്നതാണ് ഞെട്ടിപ്പിക്കുന്നത്.

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി എന്നാണ് ഇതിനെ എൻആർസി സെക്രട്ടറി ജനറൽ ജാൻ എഗ്‌ലാൻഡ് വിശേഷിപ്പിച്ചിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ആഭ്യന്തര യുദ്ധങ്ങൾക്കു പുറമെയാണ് വൻ ദാരിദ്ര്യത്തിൽ ഈ ജനത കഴിഞ്ഞുകൂടുന്നത്.

എൻആർസി പുറത്തുവിട്ട ഏറ്റവും അവഗണിക്കപ്പെട്ട പത്തുരാജ്യങ്ങളിൽ എട്ടും ആഫ്രിക്കൻ രാജ്യങ്ങളാണ്. കോംഗോയ്ക്ക് പുറമെ കാമറൂൺ, ബുറുണ്ടി, വെനസ്വല, ഹോണ്ടുറാസ്, നൈജീരിയ, ബുർകിനഫാസോ, എത്യോപ്യ, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, മാലി എന്നിവയാണ് പട്ടികയിൽ യഥാക്രമം പത്തുസ്ഥാനങ്ങളിൽ വരുന്നത്. കോവിഡ് വന്നതോടെ ഇവരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണെന്ന് എൻആർസി റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങളും കുറഞ്ഞിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍നിന്നുള്ള ദൈന്യതയുടെ കാഴ്ചകള്‍ കാണാം:


ഒന്നും രണ്ടുമല്ല അടിക്കടി ദുരിതങ്ങളാണ് കോംഗോയുടെ കിഴക്കൻ പ്രദേശങ്ങളെ കഴിഞ്ഞ വർഷം ബാധിച്ചത്. 6,000 പേരാണ് ഇവിടെ പ്രതിദിനം ഭവനരഹിതരായതെന്നാണ് കണക്ക്


കാമറൂണാണ് എൻആർസി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്ന് വ്യത്യസ്ത ദുരന്തങ്ങളാണ് രാജ്യത്തെ കഴിഞ്ഞ വർഷം പിടിച്ചുലച്ചത്. ഇതിൽ ഭവനരഹിതരായവർ ലക്ഷങ്ങളും.


കോവിഡ് ദുരിതത്തിനൊപ്പം നിരവധി പ്രകൃതി ദുരന്തങ്ങൾ കൊണ്ടും പ്രതിസന്ധി നേരിടുകയാണ് മൂന്നാം സ്ഥാനത്തുള്ള ബുറുണ്ടി.


ഭക്ഷ്യ-മരുന്ന് ക്ഷാമം, വിലയക്കയറ്റം, ഭരണകൂട അടിച്ചമർത്തലുകൾ തുടങ്ങിയ കാരണങ്ങളാൽ 50 ലക്ഷത്തോളം പേർക്കാണ് വെനസ്വലയിൽനിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി പലായനം ചെയ്യേണ്ടിവന്നത്. കഴിഞ്ഞ വർഷം ഈ ദുരിതം പതിന്മടങ്ങായി.


ഹോണ്ടുറാസിനെ കഴിഞ്ഞ വർഷം തകർത്തുകളഞ്ഞത് രണ്ട് കൊടുങ്കാറ്റുകളാണ്. ഇതോടൊപ്പം ദാരിദ്ര്യവും കാലാവസ്ഥാ മാറ്റങ്ങളും വ്യാപകമായ തൊഴിലില്ലായ്മയും എല്ലാത്തിനും മീതെ ഗുണ്ടാ അതിക്രമങ്ങളും കാരണം അതിദയനീയമാണ് ഇവിടത്തുകാരുടെ ജീവിതം.


ആഭ്യന്തരയുദ്ധം തന്നെയാണ് നൈജീരിയയുടെ തീരാശാപം. 12 വർഷമായി തുടരുന്ന ഈ ദുരിതത്തിന്റെ ഭാഗമായി സ്വന്തം വീടുകളിൽനിന്ന് അന്യദേശങ്ങളിലേക്കു പലായനം ചെയ്തവരും അഭയാർത്ഥി ക്യാംപുകളിൽ കഴിയുന്നവരും ദശലക്ഷക്കണക്കിനാണ്. കഴിഞ്ഞ വർഷവും ഇവരുടെ യാതനകൾക്ക് ഒരു അയവുമുണ്ടായിട്ടില്ല.


2020ൽ ഏറ്റവും വേഗത്തിൽ വ്യാപിച്ച മാനുഷിക പ്രതിസന്ധിയായിരുന്നു ബുർകിനോ ഫാസോയിലേത്. ആഭ്യന്തര യുദ്ധങ്ങളിൽ ഭവനരഹിതരായവരുടെ സംഖ്യ കഴിഞ്ഞ വർഷം പത്തു ലക്ഷം കടന്നു.


കഴിഞ്ഞ വർഷം എത്യോപ്യയിൽ ഭരണപ്രതിസന്ധിയായിരുന്നു പ്രധാന വില്ലൻ. കഴിഞ്ഞ നവംബറിലുണ്ടായ വ്യാപകമായ സംഘർഷത്തെയും അക്രമസംഭവങ്ങളെയും തുടർന്ന് ലക്ഷങ്ങൾ സുദാൻ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുകയാണ്.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളും കലാപവുമാണ് സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്കിൽ കഴിഞ്ഞ വർഷം ദുരിതം വിതച്ചത്. വലിയ തോതിൽ ജനങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും പട്ടിണി വ്യാപകമാകുകയും ചെയ്തു.


കഴിഞ്ഞ വർഷം മാത്രം മാലിയിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ട് അഭയാർത്ഥികളായി അലയാൻ വിധിക്കപ്പെട്ടത് ലക്ഷങ്ങളാണ്. 3,26,000 ആണ് എൻആർസി പുറത്തവിട്ട സ്ഥിരീകരിക്കപ്പെട്ട കണക്ക്.

Related Tags :
Similar Posts