< Back
World
പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ കവർന്നു

Photo|Special Arrangement

World

പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ കവർന്നു

Web Desk
|
20 Oct 2025 2:02 PM IST

വൻ കവർച്ചയ്ക്ക് പിന്നാലെ ലൂവ്ര് മ്യൂസിയം അടച്ചു

പാരിസ്: പാരിസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. ലോകത്തെ ഞെട്ടിച്ച വൻ കവർച്ചയ്ക്ക് പിന്നാലെ പാരീസിലെ ലൂവ്ര് മ്യൂസിയം അടച്ചു. അന്വേഷണത്തിൻറെ ഭാഗമായി മ്യൂസിയം അടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നെപ്പോളിയൻ ചക്രവർത്തിയുടെ വജ്രാഭരണങ്ങൾ ഉൾപ്പെടെ ഒമ്പത് അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ലൂവ്ര് മ്യൂസിയത്തിലാണ് അമ്പരപ്പിക്കുന്ന കവർച്ച നടന്നത്. ശിൽപങ്ങളും പെയിന്റിങുകളും മറ്റ് അമൂല്യ വസ്തുക്കളും ഉൾപ്പെടെ മുപ്പതിനായിരത്തിലധികം കലാസൃഷ്ടികൾ മ്യൂസിയത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് സാസ്‌കാരിക മന്ത്രിയാണ് കവർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. അസാധാരണ കാരണങ്ങളാൽ മ്യൂസിയം അടച്ചിടുന്നതായി അധികൃതരും അറിയിച്ചു.

രാവിലെ ഒൻപതരയ്ക്ക് സന്ദർശകർ പ്രവേശിച്ച് തുടങ്ങുമ്പോഴാണ് കവർച്ച നടന്നത്. ചരക്ക് ലിഫ്റ്റിൽ ഘടിപ്പിച്ചിരുന്ന ഗോവണിയിൽ കൂടി മ്യൂസിയത്തിന്റെ അപ്പോളോ ഗാലറിയിൽ കടക്കുകയായിരുന്നു. ഡിസ്‌പ്ലേ കേസ് തകർത്ത് അമൂല്യ വസ്തുക്കൾ കൈക്കലാക്കിയ മോഷ്ടാക്കൾ ഏഴ് മിനുട്ടിനുള്ളിൽ പുറത്തിറങ്ങി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മ്യൂസിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് കവർച്ച നടന്നത്.

1911ൽ മൊണാലിസ ചിത്രമാണ് അവസാനമായി മ്യൂസിയത്തിൽ നിന്നും നഷ്ടപ്പെട്ടത്. രണ്ട് വർഷത്തിന് ശേഷം ഫ്‌ലോറൻസിൽ നിന്നും അത് കണ്ടെടുത്തിരുന്നു. മ്യൂസിയത്തിന് പഴുതടച്ച സുരക്ഷയാണ് നൽകുന്നത് എന്ന പാരീസിന്റെ അവകാശവാദത്തെ കാറ്റിൽ പറത്തിയാണ് ലോകത്തെ ഞെട്ടിച്ച കവർച്ച നടന്നത്.

Similar Posts