
'ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്': ബൈഡന്റെ മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ്
|സ്കൈ ന്യൂസ് ട്രംപ്100 പോഡ്‌കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു ബൈഡന്റെ മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ യുദ്ധകുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്ന് ബൈഡന്റെ മുൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ. എന്നാൽ ഗസ്സയിൽ വംശഹത്യ നടക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മില്ലർ തിങ്കളാഴ്ച സ്കൈ ന്യൂസ് ട്രംപ്100 പോഡ്‌കാസ്റ്റിനോട് പറഞ്ഞു. 'ഇതൊരു വംശഹത്യയാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ഇസ്രായേൽ യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട് എന്നത് സംശയലേശമില്ലാതെ സത്യമാണെന്ന് ഞാൻ കരുതുന്നു.' മില്ലർ പറഞ്ഞു.
പതിനായിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും എൻക്ലേവിന്റെ ഭൂരിഭാഗവും നിലംപരിശാക്കുകയും ചെയ്ത ഇസ്രായേലിന് പിന്തുണ നൽകിയ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പൊതു മുഖങ്ങളിൽ ഒരാളായിരുന്നു മില്ലർ. ഫലസ്തീൻ ജനതയെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ശ്രമമാണ് ഇസ്രായേലിന്റെ വംശഹത്യയെന്ന് ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരും പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിച്ചു.
മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര നിയമങ്ങളും നടത്തുന്ന രാജ്യങ്ങൾക്ക് സൈനിക സഹായം നിയന്ത്രിക്കുന്ന യുഎസ് നിയമങ്ങൾ ഉണ്ടായിരുന്നിട്ടും ബൈഡൻ ഭരണകൂടം ഇസ്രായേലിന് ആയുധം നൽകുന്നത് തുടർന്നത് എന്തുകൊണ്ടാണെന്ന് മില്ലറുടെ അഭിപ്രായങ്ങൾ ചോദ്യങ്ങൾ ഉയർത്തുന്നു. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 54,381 ഫലസ്തീനികൾ കൊല്ലപ്പെടുകയും 124,054 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2.3 ദശലക്ഷം ആളുകളിൽ മിക്കവാറും പലായനം ചെയ്തിട്ടുണ്ട്.