< Back
World
Three Israeli Soldiers killed By Hamas in Northern Gaza
World

ഹമാസ് ആക്രമണം: ​ഗസ്സയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു

Web Desk
|
24 Dec 2024 2:57 PM IST

ഇതോടെ, ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 391 ആയി.

ഗസ്സ സിറ്റി: ​ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേലിന് തിരിച്ചടി. ഹമാസ് ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ​ഗസ്സാ മുനമ്പിൽ നടന്ന ആക്രമണത്തിലാണ് മൂന്ന് ഇസ്രായേൽ സൈനികരെ കൂടി ഹമാസ് വധിച്ചത്. ക്യാപ്റ്റൻ ഇലായ് ​ഗവ്റിയേൽ അതെദ്​ഗി (22), സ്റ്റാഫ് സർജന്റ് നതാനേൽ പെസാഷ് (21), ഫസ്റ്റ് ​ക്ലാസ് റിസ. സർജന്റ് ഹിലേൽ ദെയ്നെർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

കെഫിർ ബ്രി​ഗേഡിന്റെ ഷിംഷൻ ബറ്റാലിയനിലെ അം​ഗങ്ങളായിരുന്നു ഇവർ. ബയ്ത് ഹനൂൻ പ്രദേശത്ത് നടന്ന സ്ഫോടക വസ്തു ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു. ഇതോടെ, ഗസ്സയിൽ ഒക്ടോബർ ഏഴിനുശേഷം ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 391 ആയി.

തിങ്കളാഴ്ച മൂന്ന് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തുകയും വടക്കൻ ഗസ്സാ മുനമ്പിലെ ബയ്ത് ലാഹിയയിലെ ഒരു വീട്ടിൽ ഇസ്രായേൽ സേനയുടെ പിടിയിലായിരുന്ന ഫലസ്തീനികളെ രക്ഷിക്കുകയും ചെയ്തതായി ഹമാസിൻ്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഇസ്രായേൽ സൈനികരുടെ ആയുധങ്ങൾ ഹമാസ് പിടിച്ചെടുക്കുകയും ബന്ദികളാക്കിയ നിരവധി ഫലസ്തീനികളെ മോചിപ്പിക്കുകയും ചെയ്തതായും അൽ ഖസ്സാം ബ്രി​ഗേഡ്സ് കൂട്ടിച്ചേർത്തു.

അതേസമയം, ഗസ്സ സിറ്റിയിൽ ഞായറാഴ്ച നടന്ന വ്യോമാക്രമണത്തിൽ ഹമാസിൻ്റെ ജനറൽ സുരക്ഷാ സേനയിലെ മുതിർന്ന അംഗം കൊല്ലപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെട്ടു. കഴിഞ്ഞദിവസം സെൻട്രൽ ഗസ്സാ മുനമ്പിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 50ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഹമാസിൻ്റെ നേതൃത്വത്തിലുള്ള മീഡിയഓഫീസ് അറിയിച്ചിരുന്നു.

ഈ മാസം 16ന് തെക്കൻ ഗസ്സയിൽ കെട്ടിടം തകർന്ന് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. റിസർവ് മേജർ മോഷികോ റോസൻവാൽഡ് ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റഫയിൽ നടന്ന സംഭവത്തിൽ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. നേരത്തെ ഇസ്രായേൽ ആക്രമണത്തിൽ ഭാഗികമായി തകർന്ന കെട്ടിടം നിലംപതിക്കുകയായിരുന്നുവെന്നാണ് വിവരം.

നവംബർ 11ന് വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഹമാസ് ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. 20, 21 വയസ് പ്രായമുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. സ്റ്റാഫ് സെർജന്റുമാരായ ഓർ കാറ്റ്‌സ് (20), നാവി യായിർ അസൂലിൻ (21), ഗാരി ലാൽഹുറൂയ്കിമ സൊലാറ്റ് (21), ഒഫിർ എലിയാഹു (20) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. 92-ാമത് ബറ്റാലിയന്റെ ഭാഗമായ കെഫിർ ബ്രിഗേഡിലെ അംഗങ്ങളായിരുന്നു ഇവർ. ജബാലിയയിൽ ടാങ്ക് വേധ മിസൈൽ ആക്രമണത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടത്.



Similar Posts